നായ്ക്കൂടിൽ ഒളിപ്പിച്ച 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഒളരി ശിവരാമപുരം കോളനിയിൽ ഷിനോ റാൻസിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ പിന്നിലായിരുന്നു നായ്ക്കൂട്. പിറ്റ് ബുളിന്റെ നായ്ക്കൂടിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
യജമാനനെ മാത്രം അനുസരിക്കുന്ന ഇനത്തിൽ പെട്ടതാണ് പിറ്റ് ബുൾ നായ. അതുകൊണ്ടാണ് മയക്കുമരുന്ന് ലോബി മയക്കുമരുന്ന് ഒളിപ്പിക്കാൻ നായ്ക്കൂട് തിരഞ്ഞെടുത്തതെന്ന് റെയ്ഡിന് നേതൃത്വം നൽകിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫ് പറഞ്ഞു. അർദ്ധരാത്രിയിലാണ് മയക്കുമരുന്ന് വിൽക്കുന്നത്.
വിവരമറിഞ്ഞ് ദിവസങ്ങളോളം എക്സൈസ് നിരീക്ഷണം നടത്തി നായയെ മറ്റൊരിടത്ത് കെട്ടിയിട്ട് പുലർച്ചെ റെയ്ഡ് നടത്തി. ഷിനോ റാൻസിന്റെ സഹോദരൻ മുമ്പ് മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നു. ഇവർക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്ന ലോബികൾ, ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്ന ചില്ലറ വ്യാപാരികൾ, ഉപഭോക്താക്കൾ എന്നിവരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക