ഗുവാഹത്തി: ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ- ഗുവാഹത്തി വിമാനത്തിലാണ് സംഭവം. രാത്രി വിമാനത്തിലെ ലൈറ്റ് മങ്ങിയ സമയം സീറ്റിന്റെ ആംറെസ്റ്റ് ഉയർത്തിയ ശേഷം മോശമായി പെരുമാറി എന്നാണ് പരാതി.
വിമാനം ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇയാളെ പെലീസിന് കൈമാറിയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
താൻ ഉറങ്ങുകയായിരുന്നെന്നും ആംറെസ്റ്റ് ഉയർത്തി ഇയാൾ തന്നോട് അടുത്തിരിക്കുന്നത് കണ്ടാണ് ഉണർന്നതെന്നും യുവതി പറഞ്ഞു. യുവാവ് മനപ്പൂർവം ചെയ്യുന്നതാണോ എന്നറിയാൻ യുവതി ഉറങ്ങുന്നതായി നടിക്കുകയും അയാൾ എഴുന്നേറ്റ് പോകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ, അയാൾ കൂടുതൽ അടുത്തെത്തി തന്റെ ശരീരത്തിൽ പിടിക്കുകയായിരുന്നു, യുവതി ആരോപിച്ചു.
യുവതി ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ അറിയിക്കുകയും വിമാനം ഗുവാഹത്തിയിൽ എത്തിയയുടൻ ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തതായി ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് അന്വേഷണത്തിനായി ആവശ്യമായ സഹായം നൽകുമെന്നും ഇൻഡിഗോ പറഞ്ഞു. എയർലൈൻസിനും സിഐഎസ്എഫിനും എയർപോർട്ട് അധികൃതർക്കും പരാതി നൽകാൻ തന്നെ സഹായിച്ച സഹയാത്രികർക്കും യുവതി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക