വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’യുടെ പുതിയ അപ്ഡേറ്റുകൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രമിറങ്ങുന്ന ഓരോ ഭാഷയിലും ഓരോ ദിവസങ്ങളിലായി പോസ്റ്റർ പുറത്തിറക്കുകയാണ് നിർമ്മാതാക്കൾ. ഇന്ന് തമിഴ് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിവസം ലിയോയുടെ തെലുങ്ക് പോസ്റ്ററും രണ്ടാം ദിവസം കന്നഡ പോസ്റ്ററും ഇറക്കിയിരുന്നു. ഒക്ടോബർ 19നാണ് ലിയോയുടെ റിലീസ്.
‘ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത് . ആയുധം മൂർച്ചകൂട്ടുന്ന നായകനെയും കാണാം. അടുത്തടുത്ത ദിവസങ്ങളിൽ പോസ്റ്റർ പങ്കുവെക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടൻ വിജയ് ആന്റണിയുടെ മകളുടെ മരണത്തിൽ അനുശോചിച്ച് കഴിഞ്ഞ ദിവസം പോസ്റ്റർ പുറത്തുവിട്ടിരുന്നില്ല.
സെവൻ സ്ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
വിജയ്യോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക