ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ജീവൻ സുരക്ഷിതമാക്കാനുള്ള സാധ്യത കൂടുതലുള്ള ഒന്നാണ് ബ്ലഡ് ക്യാൻസർ. ആദ്യഘട്ടങ്ങളിൽ ലക്ഷണം പ്രകടമാകാറില്ല എന്നത് തന്നെയാണ് ബ്ലഡ് ക്യാൻസർ എന്ന അസുഖം സൃഷ്ടിക്കുന്ന പ്രധാന വെല്ലുവിളി.
മജ്ജയിൽ തുടങ്ങി രക്തത്തിലേക്ക് പടരുന്ന ലുക്കിമിയ, ലിംഫോമ, മൈലോമ എന്നീ ഒരു കൂട്ടം രോഗങ്ങൾ അടങ്ങിയതാണ് രക്താർബുദം. ആരംഭത്തിൽ കണ്ടെത്തിയില്ലെങ്കിൽ മരണ സാധ്യത വളരെ കൂടുതലാണ് എന്നതു കൊണ്ടുതന്നെ ആളുകളിൽ വളരെയധികം ഭയം പടർത്തുന്ന രോഗം കൂടിയാണിത്.
രക്താർബുദത്തിന്റെ ലക്ഷണങ്ങളായി കരുതാവുന്ന ശരീരം നൽകുന്ന സൂചനകൾ ആണ് ഇനി പറയുന്നത്. മറ്റ് പല ആരോഗ്യ പ്രശ്നങ്ങളുടെയും ഭാഗമായി വരാൻ സാധ്യതയുള്ള ലക്ഷണങ്ങൾ ആണെങ്കിലും ഇവ കാണപ്പെടുന്ന പക്ഷം ഡോക്ടറുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പാക്കുന്നത് നല്ലതാണ്. ഏതൊക്കെയാണ് ലക്ഷണങ്ങൾ എന്ന് നമുക്കു നോക്കാം.
അസഹ്യമായ തളർച്ചയും ഇടതടവില്ലാതെ ക്ഷീണം നീണ്ടു പോകുകയും ചെയ്യുന്നുവെങ്കിൽ ഡോക്ടറുടെ സഹായം തേടാവുന്നതാണ്. കുറഞ്ഞ കാലത്തിനുള്ളിൽ ശരീരഭാരം കുറഞ്ഞു കൊണ്ടേയിരിക്കുന്നുവെങ്കിലും പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ബ്ലഡ് കാൻസർ മൂലം രോഗപ്രതിരോധ വ്യവസ്ഥ പ്രശ്നത്തിലാക്കുന്നതിന്റെ ഭാഗമായി ചില സമയങ്ങളിൽ അടുപ്പിച്ച് അടുപ്പിച്ച് രോഗങ്ങളുണ്ടാവുകയും അണുബാധകൾ പിടികൂടുക എന്നിവയെല്ലാം ഗൗരവമായി കാണേണ്ടതാണ്.
പെട്ടെന്ന് ശരീരത്തിൽ മുറിവോ ചതവോ കാണുക, വായിൽ നിന്ന് രക്തം പോയിക്കൊണ്ടിരിക്കുക തുടങ്ങിയവയെല്ലാം രക്താർബുദത്തിന്റെ ലക്ഷണങ്ങളായി കണ്ടു വരാറുണ്ട്. ലിംഫ് നോഡുകളിൽ ( കക്ഷം, കഴുത്ത്, സ്വകാര്യ ഭാഗങ്ങൾ )അധികം വേദന ഇല്ലാതെ വീക്കം കാണപ്പെടുന്നതും രക്താർബുദ ലക്ഷണം ആകാം. നടുവേദന, മുതുക് വേദന വാരിയെല്ല് വേദന തുടങ്ങിയ ശരീരവേദനകളും രക്താർബുദം കാരണമാകാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ രക്താർബുദത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് രാത്രിയിൽ അമിതമായി വിയർക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക