ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ 1 വിജയകരമായി യാത്ര തുടരുന്നതായി ഐഎസ്ആർഒ അറിയിച്ചു. ആദിത്യ എൽ 1പേടകം വിജയകരമായി യാത്ര തുടരുന്നതായും പേടകത്തിന്റെ യാത്ര പഥത്തിൽ കഴിഞ്ഞ ഒക്ടോബർ ആറിന് നേരിയ മാറ്റം വരുത്തിയതായും 16 സെക്കൻഡ് എൻജിൻ ജ്വലിപ്പിച്ചതായും ഐഎസ്ആർഒ പറഞ്ഞു.
കഴിഞ്ഞമാസം 19നാണ് ഭൂമിയെ വലം വയ്ക്കുന്നത് പൂർത്തിയാക്കിയ ആദ്യത്യ എൽ 1നെ ലഗ്രാഞ്ചേ പാതയിലേക്ക് മാറ്റുന്ന പ്രക്രിയ ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയത്. ലഗ്രാഞ്ചേ പോയിന്റിൽ പേടകത്തെ എത്തിക്കുന്നതിന്റെ കൃത്യത ഉറപ്പാക്കാനാണ് യാത്രാപഥത്തിൽ ഇപ്പോൾ നേരിയ മാറ്റം ഐഎസ്ആർഒ വരുത്തിയിരിക്കുന്നത്.
ആദിത്യയുടെ തുടർന്നുള്ള യാത്രക്കിടെ സൂര്യന്റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കുന്നതിനുള്ള പേലോഡ് വീണ്ടും പ്രവർത്തിപ്പിക്കും എന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്. നിലവിൽ ബംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് നെറ്റ്വർക്കിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ആദിത്യയുടെ യാത്ര.
നേരത്തെ തന്നെ ആദിത്യ എൽ1 സൂര്യനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി എന്ന വാർത്ത ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. നീണ്ട 5 വർഷത്തെ ദൗത്യത്തിൽ സൂര്യന്റെ അന്തരീക്ഷത്തിലെ ചൂടും അവയിൽ നിന്നുണ്ടാകുന്ന വികരണങ്ങൾ ബഹിരാകാശ കാലാവസ്ഥയിലും ഭൂമിയിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും പഠിക്കുകയാണ് ആദിത്യയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക