സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡൻ’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ലൊക്കേഷൻ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നവംബർ ആദ്യം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ നിർമ്മിക്കുന്നു. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ചു അഭിനയിക്കുന്ന ചിത്രമാകും ‘ഗരുഡൻ’ എന്നാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷൻ വീഡിയോയും നൽകുന്ന സൂചന.
ഹിറ്റ് ചിത്രമായ ‘അഞ്ചാം പാതിര’ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്നു. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാൻഡന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു നിയമ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക