ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സില്‍ (ഐഎഫ്എഫ്എല്‍എ) മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് ജൂറി പുരസ്കാരം സ്വന്തമാക്കി വിനയ് ഫോര്‍ട്ട് ചിത്രം ‘ആട്ടം’. നവാഗതനായ ആനന്ദ് ഏകര്‍ഷിയാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തിന് മേളയില്‍ മികച്ച പ്രേക്ഷക പ്രശംസയും ലഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചേംബര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അവതരണത്തിലെ വ്യത്യസ്ഥതയും പതിയെ ചുരുളഴിയുന്ന സസ്പെന്‍സുകളുമാണ് ചിത്രത്തിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നത്. നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ഫിലിം ബസാര്‍ ജൂറി അന്താരാഷ്ട്ര ഡലിഗേറ്റുകള്‍ക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയില്‍ ആട്ടവും ഇടംപിടിച്ചതോടെയാണ് ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
സെറിന്‍ ശിഹാബ്, വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന് ഉണ്ണി എന്നിവരോടൊപ്പം ഒന്‍പത് പുതുമുഖ താരങ്ങളും ഒന്നിക്കുന്ന ‘ആട്ടം’ ശക്തമായ പ്രകടനങ്ങളുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡോ. അജിത് ജോയ് ആണ് നിര്‍മാണം. അനുരുദ്ധ് അനീഷ് ക്യാമറയും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ബേസില്‍ സി ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക