കാസർകോട് ഭാഷയുടെ സൗന്ദര്യവുമായി ഒരുക്കിയിരിക്കുന്ന ‘കുണ്ഡല പുരാണം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇന്ദ്രൻസ്,ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, അജുവർഗീസ്, സണ്ണി വെയ്ൻ, ശ്രീനിവാസൻ, അർജുൻ അശോകൻ, ദിനേശ് പ്രഭാകർ എന്നിവർ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തിറക്കി.
സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ചിത്രം മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടിവിയാണ് നിർമ്മിക്കുന്നത്. രമ്യ സുരേഷ്, ഉണ്ണി രാജ, ബാബു അന്നൂർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊടുംവേനലിൽ വറ്റിവരളുന്ന ഒരു ഗ്രാമം പശ്ചാത്തലമായി ഒരുക്കുന്ന ചിത്രത്തിൽ ഗ്രാമത്തിലെ ഒരു ഉറവ വറ്റാത്ത കിണറും അതിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥ പറയുന്നു.
നീലേശ്വരം, കാസർഗോഡ് പരിസരങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. സുധീഷ് കുമാർ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശരൺ ശശിധരൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക