വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന കോട്ടയം നസീറും ജോസുകുട്ടി ജേക്കബും പ്രധാന വേഷങ്ങളിലെത്തുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. ചിത്രം ഈ മാസം 27നാണ് റിലീസിനെത്തുന്നത്. ഒട്ടേറെ വെബ്സീരീസുകളിലൂടെ ശ്രദ്ധ നേടിയ കീര്‍ത്തന ശ്രീകുമാര്‍ ചിത്രത്തില്‍ നായികയാകുന്നു.
കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ളതാണ് ഈ സിനിമയുടെ പ്രമേയം. ഇവിടെ വസിക്കുന്ന ഒരു അച്ഛനേയും മകനേയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് മകൻ ആ ബിസിനസ് ഏറ്റെടുക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും, പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളും ഒക്കെയാണ് ഈ സിനിമ ദൃശ്യവൽക്കരിക്കുന്നത്.
വൈശാഖ് വിജയന്, അഭിഷേക് രവീന്ദ്രന്, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.
അഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രാഹകൻ. രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ഛായാഗ്രാഹകനാണ് ഇദ്ദേഹം. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കൺടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജാണ് ‘റാണി ചിത്തിര മാർത്താണ്ഡ’യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക