ഒൻപത് പകലും ഒമ്പത് രാത്രിയും നീണ്ടുനിൽക്കുന്ന നവരാത്രി ഉത്സവം
സമാപനത്തിലെത്തിയിരിക്കുകയാണ്. ഐശ്വര്യം നിറഞ്ഞൊരു ദിനം. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് വിജയ ദശമിയുടെ തലേദിവസമാണ് മഹാ നവമി. ഈ വർഷം ഒക്ടോബർ 23 തിങ്കളാഴ്ചയാണ് മഹാ നവമി ആചരിക്കുന്നത്. ദുർഗാ ദേവിയുടെ ഭക്തന്മാർ ഈ ദിവസം വിപുലമായി ആഘോഷമാക്കാറുണ്ട്.
മഹാ നവമി എന്ന് അറിയപ്പെടുന്ന അവസാന ദിവസം സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. നവരാത്രിയുടെ അവസാന ദിനത്തിൽ ഭക്തർ സിദ്ധിദാത്രി ദേവിയെ ആരാധിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. നവരാത്രിയുടെ ഒമ്പതാം ദിവസമാണ് മഹാ നവമി വരുന്നത്. അശ്വിൻ മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി തിഥിയിലാണ് മഹാ നവമി ആഘോഷിക്കുന്നത്. 2023ലെ നവരാത്രിയുടെ അവസാനത്തെ വ്രതം ഒക്ടോബർ 23ന് ആണ്. നവമി തിഥി ആരംഭിക്കുന്നത് – ഒക്ടോബർ 22, 2023. നവമി തിഥി അവസാനിക്കുന്നത് – ഒക്ടോബർ 23, 2023’ആണ്.
മഹാനവമി ദിവസമാണ് പണിയായുധങ്ങളും പുസ്തകങ്ങളും പൂജയ്ക്ക് വെയ്ക്കുക. നവരാത്രി പൂജയിലെ അവസാനത്തെ മൂന്ന് ദിവസങ്ങളാണ് പ്രധാനം. അഷ്ടമി, ദശമി, നവമി. ഇതിൽ അഷ്ടമി തിഥിയിൽ വൈകുന്നേരം 6 മണിക്ക് മുമ്പ് പൂജ വെയ്ക്കുന്നതാണ് കേരളത്തിലെ രീതി.
പൂജാ മുറി വൃത്തിയാക്കിയ ശേഷം മാത്രമേ വീട്ടിൽ പൂജയ്ക്ക് വെയക്കുന്നവർ പുസ്തകങ്ങളും മറ്റും വെയ്ക്കാൻ പാടുള്ളൂ. പൂജാ മുറി വൃത്തിയാക്കിയ ശേഷം പീഠം വെച്ച് പട്ട് വിരിച്ച് സരസ്വതി ദേവിയുടെ ചിത്രം വെയക്കണം.
അതിന് ശേഷം പട്ടോ , വെള്ള തുണിയോ വിരിച്ച് അതിന് മുകളിൽ പേന, പുരാണ ഗ്രന്ഥങ്ങൾ, പുസ്തകങ്ങൾ എന്നിവ വെച്ച് വെള്ള വസ്ത്രം കൊണ്ട് മൂടണം. പൂക്കൾ. മാലകൾ എന്നിവ കൊണ്ട് അലങ്കരിക്കാം. അതിന് മുന്നിൽ മൂന്ന് നിലവിളക്ക് കൊളുത്തി വെയ്ക്കണം. ഇടത് വശത്തെ വിളക്കിൽ ഗുരുവിനേയും വലത് വശത്തെ വിളക്കിൽ ഗണപതിയേയും സങ്കൽപിച്ച് മനസ്സിൽ പ്രാർഥിക്കണം
ഓം ഗും ഗുരുഭ്യോ നമ: എന്ന മന്ത്രം ഗുരുവിനും ഓം ഗം ഗണപതയേ നമ: എന്ന മന്ത്രം ഗണപതിക്കും ഓം സം സരസ്വതൈ്യ നമ: എന്ന് സരസ്വതി ദേവിക്കും മന്ത്രം ജപിക്കണം. ദേവിയുമായി ബന്ധപ്പെട്ടട യഥാശക്തി മന്ത്രങ്ങൾ, സ്തുതികൾ എന്നിവയും ജപിക്കാം.
ആയുധപൂജ: ദക്ഷിണേന്ത്യയിൽ, അസ്ത്രപൂജ എന്നറിയപ്പെടുന്ന ആയുധപൂജ മഹാ നവമിയിൽ നടത്തപ്പെടുന്നു. ഈ ദിവസം ആളുകൾ അവരുടെ വാഹനങ്ങൾ ഉൾപ്പെടെ അവരുടെ ഉപകരണങ്ങളും ആയുധങ്ങളും പൂജ വയ്ക്കുന്നു.
കന്യാപൂജ: നവരാത്രി പൂജയുടെ കേന്ദ്ര ആചാരമായ കന്യാ പൂജയിൽ ഒമ്പത് പെൺകുട്ടികളെ ദുർഗാദേവിയുടെ പ്രതിരൂപമായി ആരാധിക്കുന്നു. അവരുടെ പാദങ്ങൾ കഴുകി, കുങ്കുമ തിലകം ചാർത്തുന്നു, പ്രത്യേക ഭക്ഷണം സമർപ്പിക്കുന്നു, വിവിധ സമ്മാനങ്ങൾ നൽകി ഭക്തർ അവരോട് സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നു.
സരസ്വതി പൂജ: ദുർഗാദേവിയെ അവളുടെ സരസ്വതി അവതാരത്തിൽ ജ്ഞാനത്തിന്റെയും വിദ്യയുടെയും പഠനത്തിന്റെയും ദേവതയായി ആരാധിക്കുന്നു. ഈ ദിവസം, സരസ്വതി ദേവിയെ ആരാധിക്കുന്നു. ദേവിയുടെ വിഗ്രഹം നിമഞ്ജനം ചെയ്യുന്നു.
അഗ്നിപൂജ: മഹാനവമി ദിനത്തിൽ നിരവധി ഭക്തർ അഗ്നിപൂജ നടത്തുന്നു, ഇത് ഐശ്വര്യം നൽകുമെന്നാണ് വിശ്വാസം. സിദ്ധിദാത്രി ദേവിക്കാണ് അഗ്നിപൂജ സമർപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക