പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്. ഒന്നിലധികം ഫോൺ നമ്പരുകൾ ഉപയോഗിക്കുന്നവർക്ക് ഉപയോഗപ്രദമാണ് ഈ പുതിയ ഫീച്ചർ. ആപ്പിലൂടെ ഇനി ഒന്നിലധികം അക്കൗണ്ടുകൾ ഒരേ സമയം ലോഗിൻ ചെയ്യാൻ സാധിക്കും. ടെലഗ്രാമിൽ ഇതിനകം ഈ ഫീച്ചർ ലഭ്യമായിരുന്നു.
നിലവിൽ ഒന്നിലധികം വാട്ട്സാപ്പുള്ളവർ ക്ലോൺ ആപ്പ് എടുക്കുകയോ അല്ലെങ്കില്‍ ബിസിനസ് വാട്ട്സാപ്പിനെ ആശ്രയിക്കുകയോ ആണ് സാധാരണ രീതി. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ഒരേ ആപ്പിലൂടെ വ്യത്യസ്ത അക്കൗണ്ടുകൾ ലോഗിൻ ചെയ്യാൻ കഴിയും.
ഇതിനായി ഡ്യുവൽ സിം സൗകര്യമുള്ള മൊബൈൽ ഫോണിൽ രണ്ട് സിംകാർഡ് കണക്ഷനുകൾ വേണം. ശേഷം വാട്ട്സാപ്പ് സെറ്റിങ്സ് ഓപ്പൺ ചെയ്യുക. നിങ്ങളുടെ പേരിന് നേരെയുള്ള ചെറിയ ആരോ ക്ലിക്ക് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക.
രണ്ടാമത്തെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് വെരിഫിക്കേഷൻ പ്രോസസ് നടപടികൾ പൂർത്തിയാക്കുക. ഇതിലൂടെ പുതിയ അക്കൗണ്ട് ചേർക്കപ്പെടും. പേരിന് നേരെയുള്ള ആരോ മാർക്ക് ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് അക്കൗണ്ടുകൾ മാറ്റി ഉപയോഗിക്കാൻ കഴിയും.
രണ്ട് അക്കൗണ്ടുകൾക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷൻ സെറ്റിങ്സും ആയിരിക്കും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിലവിൽ വാട്ട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിൾ വേർഷനിവും ഈ അപ്ഡേറ്റുകൾ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക