2022-23 സാമ്പത്തിക വര്‍ഷം 505 കോടി രൂപയുടെ ലാഭമുണ്ടായതായി ഫോഡ് ഇന്ത്യ. 2022 ജൂലൈയില്‍ പൂര്‍ണമായും ഇന്ത്യയിലെ കാര്‍ നിര്‍മാണം നിര്‍ത്തിയെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഇപ്പോഴും ലാഭത്തിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2022-23 സാമ്പത്തികവര്‍ഷം 7,079 കോടി രൂപ വരുമാനമാണ് ഫോഡ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 2022 ഫെബ്രുവരിയില്‍ വൈദ്യുത കാര്‍ നിര്‍മാണം ഇന്ത്യയില്‍ ഫോഡ് ആരംഭിച്ചെങ്കിലും മൂന്നു മാസങ്ങള്‍ക്ക് ശേഷം മേയില്‍ അവസാനിപ്പിച്ചിരുന്നു.
വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവുണ്ടായെങ്കിലും പ്രവര്‍ത്തന രീതിയില്‍ വരുത്തിയ മാറ്റങ്ങളാണ് വരമാനത്തില്‍ നേട്ടം തുടരാന്‍ സഹായകമാകുന്നത്. ഇന്ത്യന്‍ വിപണിയില്‍ 980 കോടി രൂപയുടെ കാറുകളാണ് ഫോഡ് ഇന്ത്യ വിറ്റത്. 2022-23 സാമ്പത്തികവര്‍ഷം കാറുകളുടെ എണ്ണം നോക്കിയാല്‍ 17,219 കാറുകളും 1,77,864 എന്‍ജിനുകളുമാണ് ഫോഡ് ഇന്ത്യയില്‍ വിറ്റത്. മുന്‍ വര്‍ഷം ഇത് യഥാക്രമം 69,223 കാറുകളും 82,067 എന്‍ജിനുകളുമായിരുന്നു.
വാഹന വില്പനയിലെ കുറവ് എന്ജിന് വില്പനയില് പരിഹരിച്ചതോടെയാണ് ഫോഡ് ഇന്ത്യ 505 കോടി രൂപയുടെ ലാഭം നേട്ടത്തിലെത്തിച്ചത്. 2022 ജൂലൈയിലാണ് ഫോഡിന്റെ ചെന്നൈ പ്ലാന്റില്‍ നിന്നും അവസാനത്തെ ഇകോ സ്പോര്‍ട്ട് എസ്യുവി പുറത്തിറങ്ങിയത്. ഫോഡ് ഇന്ത്യയുടെ ഗുജറാത്തിലെ സാനന്ദിലുള്ള വാഹന നിര്‍മാണ ഫാക്ടറി 2023 ജനുവരിയില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക