വണ്ണം കുറയക്കാന്‍ പല വഴികള്‍ തേടുന്നവരുണ്ട്. ഇതിനായി പല ഡയറ്റുകളും വ്യായാമങ്ങളും ചെയ്യുകയും അത് പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ വണ്ണംകുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്ന ഒരു രീതിയാണ് പുതിയ ഒരു പഠനത്തില്‍ പറയുന്നത്. മെഡിറ്ററേനിയന്‍ ഡയറ്റും ചെറിയ വ്യായാമവുമുണ്ടെങ്കില്‍ വണ്ണംകുറയ്ക്കാന്‍ സാധിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.
കലോറി കുറഞ്ഞ മെഡിറ്ററേനിയന്‍ ഡയറ്റും ആഴ്ച്ചയില്‍ ആറുദിവസവും കൃത്യമായി ചെറിയതോതിലുള്ള വ്യായാമവും ചെയ്യുന്നത് വഴി മസില് വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യാമെന്നാണ് പഠനം പറയുന്നത്. സാധാരണ പലരിലും വണ്ണം കുറച്ചാലും അധിക കാലം കഴിയും മുമ്പേ അവ തിരിച്ചുവരുന്നതായാണ് കാണുന്നത്. എന്നാല്‍ മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടര്ന്നവരില് മൂന്നുവര്‍ഷത്തോളം ശരീരം അതേനിലയില്‍ തുടരുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.
പ്രധാനമായും സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ഡയറ്റാണ് മെഡിറ്ററേനിയന്‍ ഡയറ്റ്. ഒപ്പം ധാന്യങ്ങള്‍, എക്സ്ട്രാ വിര്‍ജിന്‍ ഒലിവെണ്ണ, പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പരിപ്പുവര്‍ഗങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളിക്കാം. വെണ്ണ, യോഗര്‍ട്ട് എന്നിവയോടൊപ്പം പ്രോട്ടീന്‍ സ്രോതസ്സുകളായ ചിക്കന്‍, മീന്‍, മുട്ട, റെഡ് മീറ്റ്, പ്രോസസ്ഡ് മീറ്റ് എന്നിവയും ചെറിയ അളവില്‍ കഴിക്കാം.
സ്പെയിനില്‍ നിന്നുള്ള ഗവേഷകരാണ് ഈ ഡയറ്റിന്റെ പഠനത്തിനു പിന്നില്‍. ജാമാ നെറ്റ്വര്‍ക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്പെയിനില്‍ 6,874 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. അമിതവണ്ണമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയിരുന്നു പഠനത്തില്‍ പങ്കെടുത്തവര്‍. 55-നും 75-നും ഇടയില്‍ പ്രായമുള്ള ഇവരെ എട്ടുവര്‍ഷത്തോളം നിരീക്ഷിച്ചതിനു ശേഷമാണ് വിലയിരുത്തലിലെത്തിയത്.
വയറില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാനുള്ള ശരിയായ മാര്‍ഗങ്ങളിലൊന്നാണ് ഇതെന്നും ഗവേഷകര്‍ പറയുന്നു. വയറില്‍ കൊഴുപ്പടിയുന്നതും ഡയബറ്റിസ്, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളും തമ്മില്‍ വലിയബന്ധമാണുള്ളത്. മെഡിറ്ററേനിയന്‍ ഡയറ്റ് സ്വീകരിക്കുകയും കലോറി കുറയ്ക്കുകയും പഞ്ചസാരയും സംസ്കരിച്ച ഭക്ഷണങ്ങളും പാടേ ഉപേക്ഷിക്കുകയുമാണ് ചെയ്തത്. ഒപ്പം എയ്റോബിക് വ്യായാമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഈരീതി പിന്തുടര്ന്നവരില് ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ കാതലായ മാറ്റങ്ങള്‍ പ്രകടമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക