തിരുവനന്തപുരം: സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യറാലി 11ന് കോഴിക്കോട് നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. റാലി വിഭാവനം ചെയ്തത് വിശാല അർത്ഥത്തിലാണെന്നും മുസ്ലിം ലീഗ് ഉൾപ്പെടെ ഉള്ളവർക്ക് പങ്കെടുക്കാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്, അവരെയും റാലിയിലേക്ക് ക്ഷണിക്കുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, അതാണ് കോൺഗ്രസ് നിലപാടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ലീഗ് ഇപ്പോഴും പറയുന്നത് സാങ്കേതിക കാരണം മാത്രമാണെന്നാണ്. എന്നാൽ ആ സാങ്കേതിക കാരണം കോൺഗ്രസിന്റെ വിലക്കാണ്. ആര്യാടൻ ഷൗക്കത്തിന്റെ നിലപാട് സംഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് പറയുന്നത്. കോൺഗ്രസിന്റെ പലസ്തീൻ നിലപാട് അന്വേഷിച്ച് വേറെ എവിടേയും പോകേണ്ട. അത്തരം കോൺഗ്രസുകാരെയും ക്ഷണിക്കാൻ തയ്യാറാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക