ഇനിമുതൽ ഏത് രാജ്യക്കാർക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയിൽ എത്താം. സൗദി അറേബ്യ നൽകിവന്നിരുന്ന ബിസിനസ് വിസിറ്റ് വിസ എല്ലാ രാജ്യങ്ങൾക്കുമായി വിപുലപ്പെടുത്തി. ഓൺലൈനായി ആണ് ബിസിനസ് വിസിറ്റ് വിസ നൽകുന്നത്.
വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമാണ് സൗദി അറേബ്യ ബിസിനസ് വിസിറ്റ് വിസ അനുവദിച്ചിരുന്നത്. ഇത് അനുവദിക്കുന്നതോടെ എല്ലാ രാജ്യക്കാർക്കും ഒരു വർഷ കാലാവധിയുള്ള വിസയിൽ പലതവണ സൗദിയിലേക്ക് വരാനും പോകാനും കഴിയും. വളരെ എളുപ്പത്തിൽ നേടിയെടുക്കാവുന്ന ബിസിനസ് വിസിറ്റ് വിസ സംവിധാനം കഴിഞ്ഞ ജൂണിലാണ് വിദേശനിക്ഷേപകർക്കായി സൗദി അറേബ്യ ആരംഭിച്ചത്.
അപേക്ഷകന് ഇമെയിൽ വഴി ലഭിക്കുന്ന വിസക്ക് ‘വിസിറ്റർ ഇൻവെസ്റ്റർ’ എന്ന പേരിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്. വിദേശനിക്ഷേപകർക്കും വിദേശ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബിസിനസ് വിസിറ്റ് വിസ ഉപയോഗപ്പെടുത്താനാവുമെന്നും സൗദി അറേബ്യയെ ആകർഷകമായ മത്സരക്ഷമതയുള്ള ഒരു മുൻ നിര നിക്ഷേപ ശക്തിയാക്കുക എന്ന ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഇ- ബിസിനസ് വിസിറ്റ് വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നത് എന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക