ദിലീപ്, തെന്നിന്ത്യൻ താരം തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ബാന്ദ്രയുടെ ബുക്കിംഗ് ആരംഭിച്ചു. സെൻസറിങ് പൂർത്തിയായ ചിത്രം നവംബർ 10ന് തിയേറ്ററുകളിൽ എത്തും.
ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മിക്കുന്നത്. ഒരു ഫാമിലി ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആക്ഷനോടൊപ്പം പ്രണയവും കുടുംബബന്ധങ്ങളുടെ ആഴവും പ്രമേയയമാകുന്നു.
ജനപ്രിയനായകൻ ദിലീപ് അലൻ അലക്സാണ്ടർ ഡൊമിനിക്കായി വേഷമിടുന്ന ചിത്രത്തിൽ നായിക കഥാപാത്രമായ ജാനകിയായി തമന്ന വേഷമിടുന്നു. തമിഴ് താരം ശരത് കുമാറും ബോളിവുഡ് താരം ദിനോമോറിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മമ്ത മോഹൻദാസ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ഇവരെക്കൂടാതെ സിദ്ദീഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രശസ്ത കൊറിയോഗ്രാഫേഴ്സ് ആയ മാഫിയ ശശി, അൻപറിവ്, ഫീനിക്സ് പ്രഭു എന്നിവർ ചേർന്നാണ്.
അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷാജി കുമാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക