ആളുകള്‍ക്കിടയില്‍ കണ്ടു വരുന്ന ക്യാന്‍സറുകളിലൊന്നാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. വയറ്റില്‍ ശരീരത്തിന്റെ പിന്‍ഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമായ പാന്‍ക്രിയാസ് ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഇതു പ്രധാന പങ്കു വഹിക്കുന്നുണ്ട്.
പാന്‍ക്രിയാസിന്റെ പ്രത്യേക ഭാഗങ്ങളില്‍ അനിയന്ത്രിതമായ കോശവളര്‍ച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. പലപ്പോഴും ആദ്യഘട്ടങ്ങളില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയപ്പെടുന്നില്ല. ഇതാണ് രോഗാവസ്ഥ മൂര്‍ച്ഛിക്കാന്‍ ഇടയാക്കുന്നത്. രോഗം രൂക്ഷമാകുമ്പോള്‍ ചില സൂചനകളും ലക്ഷണങ്ങളും പ്രകടമാകും. പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
തുടര്‍ച്ചയായ മഞ്ഞപ്പിത്തം പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാണ്. ചര്‍മവും കണ്ണിന്റെ വെള്ളയും മഞ്ഞനിറത്തിലാകുന്ന അവസ്ഥയാണിത്. മഞ്ഞനിറത്തിലുള്ള വര്‍ണവസ്തുവായ ബിലിറുബിന്റെ അളവ് അമിതമാകുന്നതു മൂലമാണിതുണ്ടാകുന്നത്.
പാന്‍ക്രിയാറ്റിക് കാന്‍സറില്‍, കരളിനെയും ചെറുകുടലിനെയും ബന്ധിപ്പിക്കുന്ന ബൈല്ഡക്റ്റില് ട്യൂമര്‍ തടസ്സമുണ്ടാക്കുന്നു. ഇതു മൂലം രക്തത്തില്‍ ബൈല്‍ കെട്ടിക്കിടന്ന് മഞ്ഞപ്പിത്തത്തിനു കാരണമാകും. ഇരുണ്ട നിറത്തിലുള്ള മൂത്രം, മലത്തിന് നിറവ്യത്യാസം, ചര്‍മത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറം ഇവയുണ്ടാകും. വ്യക്തമായ കാരണമില്ലാതെ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യപരിശോധന നടത്തേണ്ടതാണ്.
തുടര്‍ച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നത് പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ സൂചനയാകാം. വയറിന്റെ മുകള്‍ ഭാഗത്ത് തുടങ്ങുന്ന വേദന പുറത്തേക്കും വ്യാപിക്കാം. കടുത്തതും ഏറെ നേരം നീണ്ടു നില്ക്കുന്നതുമായ വേദന വരാം. ട്യൂമര്‍ വളരുമ്പോള്‍ ഇത് നാഡികളില്‍ സമ്മര്‍ദം ചെലുത്തുന്നതു മൂലം വേദന വരാം.
വിവിധ കാരണങ്ങളാല്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതും ശ്രദ്ധിക്കേണ്ടതാണ്. ചര്‍മത്തില്‍ ബിലിറുബിന്‍ അടിഞ്ഞുകൂടുന്നതു കൊണ്ട് ചൊറിച്ചില്‍ വരാം. മഞ്ഞപ്പിത്തവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഉള്ളവരില്‍ മഞ്ഞപ്പിത്തവും ഉണ്ടാകുമ്പോള്‍ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തില്‍ ചര്‍മത്തില്‍ ചൊറിച്ചില്‍ വരാം.
അതുപോലെ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും ശ്രദ്ധിക്കേണ്ടതാണ്. കാന്‍സര്‍ വളരുംതോറും ശരീരത്തിലെ ഊര്‍ജം കൂടുതല്‍ ഉപയോഗിക്കുകയും ഇത് ഭാരം കുറയാന്‍ ഇടയാക്കുകയും ചെയ്യും. കൂടാതെ ട്യൂമര്‍, വയറില്‍ പ്രഷര്‍ ചെലുത്തുക വഴി വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാകുകയും കുറച്ചു ഭക്ഷണം മാത്രം കഴിക്കുന്നതിന് കാരണമാകുകയും ചെയ്യും. പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കാതാകുമ്പോള്‍ ദഹനരസങ്ങളുടെ ഉല്പാദനവും നിലയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക