തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യ കിഴക്കന്‍ അറബി കടലിനു മുകളില്‍ ന്യുനമര്‍ദം നിലനില്ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന കിഴക്കന്‍/ വടക്കു കിഴക്കന്‍ കാറ്റിന്റെയും കോമാറിന് മേഖലയ്ക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാത ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക