കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. ഈ മാസം പത്തൊന്പതിന് മുന്‍പായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. നടക്കാവ് പൊലീസാണ് നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
സുരേഷ് ഗോപി മോശം ഉദ്ദേശ്യത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തക നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ സുരേഷ് ഗോപി വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവയ്ക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയിട്ടും വീണ്ടും ഇത് ആവര്‍ത്തിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക