അഹ്മദാബാദ്: ഞായറാഴ്ച നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന അമ്പയർമാരുടെ പേരുകൾ പുറത്ത്. റിച്ചാർഡ് കെറ്റിൽബറോ, റിച്ചാർഡ് ഇല്ലിംഗ്വേർത്ത് എന്നിവർ ഓൺ ഫീൽഡ് അമ്പയർമാരാകുമെന്ന് ക്രിക്കറ്റ് നിരീക്ഷകനായ ജോൺസ് എക്സിൽ കുറിച്ചു.
ജോയൽ വിൽസൺ തേർഡ് അമ്പയറാകുമെന്നും ആൻഡി പൈക്രോഫ്റ്റ് മാച്ച് റഫറിയാകുമെന്നും ജോൺസ് ട്വീറ്റ് ചെയ്തു.
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളിയായി ഓസ്ട്രേലിയയാണ്.ഞായറാഴ്ച നടക്കുന്ന ഫൈനലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദിയാകുന്നത്.
10 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ ഫൈനല്‍ പോരിന് എത്തുന്നത്. എന്നാല്‍ ഓസ്ട്രേലിയക്ക് ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ 2-0 എന്ന മികച്ച റെക്കോഡാണുള്ളത്. 2003ലെ ലോകകപ്പ് ഫൈനല്‍ തോല്‍വിയ്ക്ക് ഒരു പകരം വീട്ടലാണ് ഇന്ത്യ മനസില്‍ കാണുന്നത്.
അതേസമയം, മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നാണ് റിപ്പോർട്ട്. എ.ബി.പി ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക