വളരെയധികം നൊസ്റ്റാൾജിയ ഉണർത്തുന്നതും രുചികരവുമായ ഒന്നാണ് നെല്ലിക്ക ഉപ്പിലിട്ടത്. പക്ഷേ വളരെ എളുപ്പത്തിൽ കേടായി പോകുന്നത് കൊണ്ട് പലർക്കും നെല്ലിക്ക ഉപ്പിലിടാൻ മടിയായിരിക്കും. ശരിയായ രീതിയിൽ എങ്ങനെ നെല്ലിക്ക ഉപ്പിലിടണം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് നെല്ലിക്ക നല്ലതുപോലെ കഴുകിയതിനുശേഷം ഒട്ടും വെള്ളമില്ലാതെ തുടച്ചെടുക്കണം. തുടച്ചെടുത്ത നെല്ലിക്ക ഒരു കത്തികൊണ്ട് ഒന്ന് വരഞ്ഞെടുക്കാം. പിന്നീട് കുറച്ച് കാന്താരി മുളകോ പച്ചമുളകോ നെടുകെ കീറിയെടുക്കാം.
പിന്നീട് അല്പം വെള്ളം ചൂടാക്കാനായി വയ്ക്കാം. അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് കൊടുക്കാം. പാകത്തിന് ഉപ്പു കൂടി ചേർക്കണം. ഉപ്പ് കുറച്ച് കൂടി നിൽക്കുന്ന രീതിക്ക് ചേർത്തു കൊടുക്കാൻ മറക്കല്ലേ. വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാം. വെള്ളം ചെറിയ ചൂട് ആകുന്നത് വരെ വെയിറ്റ് ചെയ്യാം.
പിന്നീട് നല്ലതുപോലെ കഴുകി ഉണക്കിയെടുത്ത ഒരു ഗ്ലാസ് ബോട്ടിൽ എടുത്ത് അതിലേക്ക് നമ്മൾ നെടുകെ കീറി വെച്ചിരിക്കുന്ന മുളക് അല്പം ചേർത്തു കൊടുക്കാം. ഇതിനുമുകളിൽ ആയി നെല്ലിക്ക ഇട്ടു കൊടുക്കാം. അതിനു മുകളിൽ ബാക്കിയുള്ള മുളക് കൂടി ചേർത്ത് ചൂടാക്കിയ വെള്ളം കൂടി ഒഴിച്ചു കൊടുക്കാം. നമ്മുടെ നെല്ലിക്ക മുഴുവനായി മുങ്ങി കിടക്കുന്ന രീതിയിൽ വെള്ളം ഒഴിക്കണം. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ നെല്ലിക്ക ഉപ്പിലിട്ടത് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക