റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650യില്‍ പുതിയ ഫീച്ചറുമായി കമ്പനി. ‘വിംഗ്മാന്‍’ എന്ന പുതിയ കണക്റ്റഡ് വെഹിക്കിള്‍ സൊല്യൂഷനാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ആദ്യമായി ലഭിക്കുന്നത് സൂപ്പര്‍ മീറ്റിയോര്‍ 650 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിലാണ്. ഭാവിയില്‍ പുറത്തിറക്കുന്ന മോഡലുകളില്‍ ഇതൊരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കാനും റോയല്‍ എന്‍ഫീല്‍ഡിന് പദ്ധതികളുണ്ട്.
വളരെ ഉപകാരമുള്ള സൗകര്യങ്ങളാണ് പുതിയ വിംഗ്മാന്‍ ഫീച്ചറിലൂടെ കമ്പനി നല്‍കുന്നത്. അതേസമയം, ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 മോഡലിന് ഇനി കൂടുതല്‍ പണം മുടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 നവംബര്‍ 16 മുതല്‍ സൂപ്പര്‍ മീറ്റിയോര്‍ 650 ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് എക്സ്-ഷോറൂം വിലയെക്കാള്‍ 6,500 രൂപ അധികമായി നല്കിയാല് പുതിയ വിഗ്മാന്‍ ഫീച്ചര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകും.
ടെലിമാറ്റിക്സ് ഹാര്ഡ്വെയര് സപ്പോര്‍ട്ടുള്ള ആര്‍ഇ ആപ്പിലൂടെ പ്രവര്‍ത്തിക്കുന്ന കണക്റ്റഡ് വെഹിക്കിള്‍ സൊല്യൂഷനാണ് വിംഗ്മാന്‍. ഇത് ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ സപ്പോര്‍ട്ട് ചെയ്യുന്നു. ഫ്യൂവല്‍ സ്റ്റാറ്റസ്, ബാറ്ററി സ്റ്റാറ്റസ്, സര്‍വ്വീസ് അലേര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടെ മോട്ടോര്‍സൈക്കിളിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ലൈവ് വിവരങ്ങള്‍ പുതിയ ഫീച്ചറിലൂടെ ലഭ്യമാകും.
എഞ്ചിന് ഓണ്‍/ഓഫ് അലേര്‍ട്ടുകളും ജിപിഎസ് എനേബിള്‍ഡ് ലൊക്കേഷന്‍ ട്രാക്കിങ്ങും മറ്റ് സവിശേഷതകളും പുതിയ വിംഗ്മാന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇത് ദൈനംദിന റൈഡുകള്‍, റൈഡിംഗ് പാറ്റേണുകള്‍, യാത്രാ വിവരങ്ങള്‍, പെട്ടെന്നുള്ള ബ്രേക്കിങ്ങിനും ആക്സിലറേഷനുമുള്ള നോട്ടിഫിക്കേഷനുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക