വളരെയേറെ അപകടം നിറഞ്ഞ അര്‍ബുദമാണ് സ്ത്രീകളിലെ ഒവേറിയന്‍ ക്യാന്‍സര്‍(അണ്ഡാശയ അര്‍ബുദം). ഇതിന്റെ ആദ്യലക്ഷണങ്ങള്‍ തിരിച്ചറിയുക പ്രയാസമാണ്. അതുകൊണ്ടു തന്നെ അര്‍ബുദം കണ്ടെത്താനും കാലതാമസം എടുക്കും. ഒവേറിയന്‍ ക്യാന്സറിന്റേതായി സ്ത്രീകള്‍ സംശയിക്കേണ്ട ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
അടിവയറിലും ഇടുപ്പിലും സ്ഥിരമായുണ്ടാകുന്ന വേദന ഒവേറിയന്‍ അര്‍ബുദത്തിന്റെ ലക്ഷണങ്ങളിലൊന്നാകാം. അതുപോലെ ഭക്ഷണപ്രശ്നങ്ങള്‍ കാരണമല്ലാതെയുണ്ടാകുന്ന വയര്‍ വീര്‍ക്കല്‍ അണ്ഡാശയ അര്‍ബുദത്തിന്റേതായി പ്രത്യക്ഷപ്പെടുന്ന ഒരു ലക്ഷണമാണ്.
മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങള്‍ നീണ്ടകാലം നില്ക്കുകയാണെങ്കില് വിദഗ്ധ പരിശോധന നടത്തണം. ഈ പ്രശ്നവും ഒവേറിയന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാകാം.
വിശപ്പ് ഇല്ലാതാകുക, അല്പം കഴിച്ചാല്‍തന്നെ വയര്‍ നിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുക, അകാരണമായ ഭാരനഷ്ടം എന്നിവ അണ്ഡാശയ അര്‍ബുദത്തിന്റേതായി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങളാണ്. ഇടയ്ക്കിടെ മൂത്രം പോവുക, മൂത്രം പൂര്‍ണമായി പോകാതിരിക്കുക എന്നിവ ബ്ലാഡറില്‍ ട്യൂമര്‍ സമ്മര്‍ദം ഏല്പ്പിക്കുന്നതിന്റ ഫലമായുണ്ടാകുന്നതാണ്.
വിശ്രമിച്ചാല്‍ പോലും ക്ഷീണം മാറുന്നില്ലെങ്കില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. ഇത് മറ്റ് രോഗലക്ഷണങ്ങള്‍ക്കൊപ്പം ഒവേറിയന്‍ ക്യാന്സറിന്റേതുമാകാം. ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളിലുണ്ടാകുന്ന വജൈനല്‍ ബ്ലീഡിങ്, സ്ത്രീകളിലെ ക്രമരഹിതമായ ആര്‍ത്തവം എന്നിവ വിദഗ്ധ നിര്‍ദേശം സ്വീകരിക്കേണ്ട ലക്ഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക