വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് നമ്മൾ തൃക്കാർത്തികയായി ആഘോഷിക്കുന്നത്. കാർത്തിക നാളും പൗർണമിയും ഒന്നിച്ചു വരുന്ന ദിവസമായതിനാൽ ഇത് ദേവി ആദിപരാശക്തിയുടെ ജന്മനാൾ കൂടിയായാണ് കണക്കാക്കുന്നത്.
ദീപങ്ങളാൽ വീടുകളും ക്ഷേത്രങ്ങളും അലങ്കരിക്കുന്നത് കാർത്തിക നാളിലെ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. ഈ ദിവസമാണ് പാൽക്കടലിൽ മഹാലക്ഷ്മി അവതാരം ചെയ്തതും തുളസി ദേവി അവതാരം എടുത്തതും സുബ്രഹ്മണ്യൻ എന്ന ശിവപാർവതി പുത്രനെ പരിപാലിക്കാൻ കൃതി കാദേവതമാർ അവതാരം ചെയ്തതും എന്നൊക്കെയാണ് വിശ്വാസം.
വ്രതശുദ്ധിയോടെ തൃക്കാർത്തിക വ്രതം അനുഷ്ഠിക്കുന്നത് ലക്ഷ്മി പ്രീതിയും വിഷ്ണുപ്രിതിയും ശിവപാർവ്വതി പ്രീതിയും സുബ്രഹ്മണ്യ പ്രീതിയും ഒരുപോലെ ലഭിക്കുന്നതിന് സഹായിക്കും. വൃശ്ചിക മാസത്തിലെ ഭരണി, കാർത്തിക, രോഹിണി എന്നീ നാളുകളിൽ അനുഷ്ഠിക്കുന്ന തൃക്കാർത്തിക വ്രതം മനോസുഖവും ദാരിദ്ര്യ ശമനവും ഉണ്ടാകുന്നതിനും സർവ്വൈശ്വര്യങ്ങൾ സിദ്ധിക്കുന്നതിനും ഗുണകരമാണ്.
വ്രതാനുഷ്ഠാനത്തിനായി ഗൃഹവും പരിസരവും എല്ലാം അശ്വതി നാളിൽ തന്നെ വൃത്തിയാക്കേണ്ടതുണ്ട്. പിന്നീട് ഭരണി നാളിൽ അതിരാവിലെ കുളി കഴിഞ്ഞതിനുശേഷം ക്ഷേത്രദർശനം നടത്തി തുളസി തീർത്ഥം സേവിച്ചതിനു ശേഷം വീട്ടിൽ നെയ് വിളക്ക് കൊളുത്തി ദേവിയെ ഭജിക്കേണ്ടതാണ്. പിന്നീട് ദേവി കീർത്തനങ്ങൾ, ദേവി മാഹാത്മ്യം, ദേവി ഭാഗവതം എന്നിവയെല്ലാം പാരായണം ചെയ്യാവുന്നതാണ്.
ഇതേ രീതി തന്നെ കാർത്തിക നാളിലും തുടരണം. എണ്ണ തേച്ചുള്ള കുളിയും പകലുറക്കവും ഒഴിവാക്കിയതിനു ശേഷം വ്രത ദിവസങ്ങളിൽ സസ്യാഹാരം മാത്രം ശീലമാക്കാം. ആയുരാരോഗ്യം സിദ്ധിക്കുന്നതിനായി സന്ധ്യാസമയത്ത് ലളിതാ സഹസ്രനാമം, മഹാലക്ഷ്മി അഷ്ടകം, ശത നാമാവലി എന്നിവയെല്ലാം ജപിക്കുന്നത് നല്ലതാണ്. കുടുംബ സുഖത്തിനും കുടുംബ അഭിവൃദ്ധിക്കും വേണ്ടി തൃക്കാർത്തിക ദിവസം വൈകിട്ട് മൻസിലാദിൽ ദീപം തെളിയിക്കുന്നത് ഐശ്വര്യപ്രദമായാണ് കണക്കാക്കുന്നത്. ദേവിയെ നമ്മുടെ വീട്ടിലേക്ക് ആനയിക്കുന്നു എന്നാണ് കാർത്തിക ദീപം തെളിയിക്കുന്നതിന്റെ സങ്കല്പമായി വിശ്വസിക്കുന്നത്.
വ്രതം അനുഷ്ഠിക്കുന്നത് രോഹിണി നാളിലും തുടരേണ്ടതുണ്ട്. വ്രതം അവസാനിപ്പിക്കുന്നതും അതേ ദിവസമാണ്. അതായത് രാവിലെ കുളി കഴിഞ്ഞതിനുശേഷം തുളസി തീർത്ഥം സേവിച്ച് ദേവി പാരായണം നടത്തി വൈകുന്നേരത്തെ ജപവും തീർത്തതിനു ശേഷം ദേവിയെ മനസ്സിൽ ധ്യാനിച്ച് വ്രതം അവസാനിപ്പിക്കാം. തൃക്കാർത്തികാ ദിവസം വ്രതം എടുക്കുന്നതിന് പൂർണ്ണ ഉപവാസംആവശ്യമില്ല. അതായത് ഒരു നേരം അരിഭക്ഷണം കഴിച്ച് ഒരിക്കൽ എടുത്ത് വ്രതം അനുഷ്ഠിക്കുന്നതാണ് ഉത്തമമായി കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക