ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് വിജിലൻസ് കോടതിയുടെ നോട്ടീസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് വിഷയത്തിൽ ഹാജരാകണമെന്ന് കാണിച്ച് ഷാഫി പറമ്പിൽ എംഎൽഎക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയച്ചത്. നാളെ നേരിട്ടോ അഭിഭാഷകൻ വഴിയോ കോടതിയിൽ ഹാജരാകണം എന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
രാഹുൽ മാങ്കൂട്ടത്തിന് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് പദവി കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തെരഞ്ഞെടുപ്പിലെ അവ്യക്തതകളും അപാകതകളും ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശിയായ സനിൽ പി എസ് വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു.
ഇതിനിടെ ഡിസംബർ ഒന്നിന് നിലവിലെ പ്രസിഡന്റായ ഷാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിന് ചുമതല കൈമാറാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിന് ചുമതല കൈമാറരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു കേസും ഡിസംബർ രണ്ടിന് പരിഗണിക്കാൻ കോടതി നേരത്തെ നിശ്ചയിച്ചിരുന്നു.
ഹർജിക്കാരൻ ഇക്കാര്യം കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസ് നാളെ തന്നെ പരിഗണിക്കാനും ഷാഫി പറമ്പിലിന് നോട്ടീസ് അയക്കാനും കോടതി തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക