പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി ഒരുക്കുന്ന ‘ആടുജീവിതം’ 2024 ഏപ്രില്‍ 10-ന് തീയറ്ററുകളിലെത്തും. ബെന്യാമിന്റെ നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രം ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായിരുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.
ഹോളിവുഡ് നടന് ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ.ആര്.ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുനില്‍ കെ.എസ്സും, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദും ആണ്.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകരുടെ അഞ്ചു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിന്റെ ഫലമാണ്. മലയാള സിനിമയിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായി ഒരുങ്ങുന്ന ‘ആടുജീവിതം’ മികവുറ്റ നിര്‍മ്മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങള്‍, മികച്ച കഥാഖ്യാനശൈലി, പ്രകടനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാല്‍ വേറിട്ടു നില്ക്കുന്നു.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം കേരളത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക