കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം തൃശൂര്‍ ജില്ലാ ഘടകത്തിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ഇഡി. ഇത്തരത്തിലുള്ള രണ്ട് രഹസ്യ അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. എന്നാല്‍ ഇതു സംബന്ധിച്ച് രേഖമൂലമുള്ള സ്ഥിരീകരണമില്ല.
പാര്‍ട്ടി അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം നിയമപരമായി വെളിപ്പെടുത്തേണ്ടതാണ്. എന്നാല്‍, ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടിമാരുടേതടക്കം പേരുകളിലാണ് ഇവ. ഇപ്പോള്‍ കണ്ടെത്തിയ രണ്ട് അക്കൗണ്ടുകളെ കൂടാതെ, കൂടുതല്‍ അക്കൗണ്ടുകള്‍ കണ്ടേക്കാമെന്നും ഇഡി സംശയിക്കുന്നു. കരുവന്നൂരിലെ സോഫ്റ്റ്വെയറും ഡേറ്റകളുമടക്കം ക്രൈംബ്രാഞ്ചിന്റെ കൈവശമാണ്. ഇത് ഇഡിക്ക് വിട്ടുനല്കിയിട്ടില്ല. ഇവ പരിശോധിച്ചാല്‍ ഇത്തരം അക്കൗണ്ടുകള്‍ കണ്ടുപിടിക്കാനാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
എന്നാല്‍ ഈ ആരോപണങ്ങളൊന്നും കോടതിയില്‍ നല്കിയ രേഖകളിലില്ലെന്നാണ് സൂചന. അതേസമയം സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ അന്വേഷണ സംഘം വീണ്ടും കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മുമ്പ് നവംബര്‍ 24നാണ് ഇയാളെ 10 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്ന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ എത്തിയ എം.എം. വര്‍ഗീസിനെ രാത്രിയോടെയാണ് വിട്ടയച്ചത്. അന്വേഷണവുമായി വര്‍ഗീസ് സഹകരിക്കുന്നില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക