ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസിൽ പശ്ചിമബംഗാളിലെ കൂടുതൽ ബിജെപി എംഎൽഎമാർക്കെതിരെ കേസെടുത്ത് കൊൽക്കത്ത പോലീസ്. ദേശീയ ഗാനത്തെ അപമാനിച്ച കേസിൽ നേരത്തെ 12 എംഎൽഎമാർക്കെതിരെ കേസെടുത്ത പോലീസ് ഇപ്പോൾ വീണ്ടും 5 എംഎൽഎമാർക്ക് എതിരെയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്.
നേരത്തെ കേസെടുത്ത 12 എംഎൽഎമാരിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ ഉള്ള എംഎൽഎമാർ ഉൾപ്പെട്ടിരുന്നു. നവംബർ 29ന് മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട് തൊഴിലാളികളുടെ ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവെച്ചതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ബിജെപി എംഎൽഎമാർ അക്രമം അഴിച്ചുവിടുകയും ‘ചോർ ചോർ’ എന്ന മുദ്രാവാക്യം വിളിച്ച് ദേശീയ ഗാനത്തെ അപമാനിച്ചു എന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് പരാതി നൽകിയത്.
പരാതിയിൽ കേസെടുത്ത പോലീസ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരവും പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷൻ ഹോണർ ആക്ട് 1971 പ്രകാരവുമാണ് കൊൽക്കത്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക