ട്രെയിന്‍ യാത്രകള്‍ എന്നും മനോഹരമാണ്. പ്രത്യേകിച്ച് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രകള്‍. അത്തരത്തില്‍ പ്രകൃതിയെ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന റെയില്‍പാതകള്‍ ഏറെയുണ്ട് ഇന്ത്യയില്‍. ‘കുന്നുകളുടെ രാജ്ഞി’യായ ഷിംലയിലേക്കുള്ള ട്രെയിന്‍ യാത്ര ആരെയും അമ്പരപ്പിക്കുന്നതാണ്. ഏകദേശം അഞ്ചര മണിക്കൂര്‍ വരെ നീളുന്ന യാത്രയുള്ള കല്‍ക്ക-ഷിംല ടോയ് ട്രെയിന്‍ ഒരു ഇടുങ്ങിയ ഗേജിലൂടെയാണ് കടന്നുപോകുന്നത്. പൈന്‍മരങ്ങള്‍ക്കിടയിലൂടെയുള്ള 103 തുരങ്കങ്ങള്‍, പര്‍വതങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, താഴ്വരകള്‍, മനോഹരമായ ഹില്‍ സ്റ്റേഷനുകള്‍ എന്നിവ ഈ ട്രെയിന്‍ യാത്രയെ വേറിട്ടതാക്കുന്നു
ഇന്ത്യയിലെ ഏറ്റവും വിസ്മയകരമായ ട്രെയിന്‍ യാത്രയാണ് ജമ്മുവാലി-ഉധംപൂര്‍ ട്രെയിന്‍ യാത്ര. ജമ്മുവാലിയില് നിന്ന് ആരംഭിച്ച് ഉധംപൂര്‍ വരെ നീളുന്ന യാത്രാനുഭവം. താഴ്വരകളിലൂടെയും പര്‍വതങ്ങളുടെ സമീപത്തുകൂടെയുള്ള യാത്ര. 158 പാലങ്ങളിലൂടെയും 20 തുരങ്കങ്ങളിലൂടെയും ട്രെയിന്‍ കടന്നുപോകുന്നു.
ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ റൂട്ടുകളിലൊന്നാണ് ചെന്നൈ -രാമേശ്വരം. രാജ്യത്തെ പുണ്യസ്ഥലങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന രാമേശ്വരമാണ് ഈ റെയില്‍ പാതയുടെ പ്രധാന ആകര്‍ഷണം. 2.4 കിലോമീറ്റര്‍ കടലിലേക്ക് നീണ്ടുകിടക്കുന്ന പാമ്പന്‍ റെയില്‍ പാലത്തിലൂടെ ട്രെയിന്‍ യാത്രയും കാഴ്ചകളും ആര്‍ക്കും മറക്കാനാകില്ല. ഇന്ത്യന്‍ റെയില്‍വേയിലൂടെയുള്ള ഏറ്റവും മനോഹരമായ യാത്രകളിലൊന്നാണ് പ്രകൃതിരമണീയമായ ദുദ്സാഗര്‍ വെള്ളച്ചാട്ടത്തിന്റെ കുറുകെ കടന്നുപോകുന്ന ഗോവ എക്സ്പ്രസ് യാത്ര. ബ്രഗന്സഘട്ട് വഴിയുള്ള ഏക പ്രതിദിന ട്രെയിനുകളില്‍ ഒന്നാണ് ഗോവ എക്സ്പ്രസ്. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ഹരിയാന എന്നിവിടങ്ങളിലെ വിവിധ സംസ്കാരങ്ങള്‍ പേറിയാണ് ട്രെയിന്‍ യാത്ര.
സമുദ്രനിരപ്പില്‍ നിന്ന് 2200 മീറ്റര്‍ ഉയരത്തിലുള്ള ന്യൂ ജല്പായ്ഗുര്- ഡാര്‍ജിലിങ് യാത്ര ഏറെ മനോഹരമാണ്. ഡാര്‍ജിലിങ് ഹിമാലയന്‍ റെയില്‍വേയുടെ ഘും സ്റ്റേഷന് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ സ്റ്റേഷനാണ്. മഞ്ഞുമൂടിയ കാഞ്ചന്‍ജംഗ പര്‍വതത്തിന്റെ മനോഹാരിത ഒപ്പിയെടുത്താണ് ട്രെയിന്‍ കടന്നുപോകുന്നത്. കൊങ്കണ്‍ പാതയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മുംബൈ എത്തുന്നത് വരെ മനോഹരമായ ദൃശ്യവിരുന്നാണ് ജനലിനപ്പുറത്ത് കാത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ റോഹയെയും കര്‍ണാടകത്തിലെ മംഗലാപുരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പാതയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക