പ്രകൃതി സൗന്ദര്യത്തിന്റെയും സമ്പന്നമായ ചരിത്രത്തിന്റെയും ലോകത്ത് മറ്റെവിടെയും കാണാത്തത്ര വൈവിധ്യമാർന്ന സമുദ്രജീവികളുടെയും പറുദീസയാണ് ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം.
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹം സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ്. കാഴ്ചയിൽ അതിസുന്ദരമാണ് ഇവിടുത്തെ ദ്വീപുകളെല്ലാം. നമ്മുടെ രാജ്യത്തിന്റെ ചെറുപതിപ്പെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടുത്തെ ദ്വീപുകളിൽ മലയാളികളും തമിഴരും ബംഗാളികളും സിഖുകാരും ഉൾപ്പെടെ എല്ലാ ദേശങ്ങളിൽ നിന്നുള്ളവരുമുണ്ട്.
എത്ര കണ്ടാലും മതിവരാത്ത ആൻഡമാനിലെ മായ കാഴ്ചകൾ കാണാനായി ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ദ്വീപുകൂടി സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ് ആന്‍ഡമാന്‍ ഭരണകൂടം.
വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ദ്വീപ് സഞ്ചാരികള്‍ക്കായി തുറുന്നുകൊടുത്തിരിക്കുന്നത്. വടക്കന്‍-മധ്യ ആന്‍ഡമാന്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഏവ്സ് എന്ന മനോഹരമായ ദ്വീപാണ് പുതുതായി ആന്‍ഡമാന്‍ ടൂറിസം ഭൂപടത്തിലേക്ക് എത്തിയിരിക്കുന്നത്.
പവിഴപ്പുറ്റുകള്‍ നിറഞ്ഞ ബീച്ചും പഞ്ചാര മണലും കാടുകളും തല ഉയര്‍ത്തി നില്ക്കുന്ന തെങ്ങുകളുമൊക്കെയായി മനോഹരമായ ദ്വീപാണ് ഏവ്സ്. ക്യാമ്പിങ് ഉള്‍പ്പടെയുള്ള എക്കോ ടൂറിസം പ്രവര്‍ത്തനങ്ങളാണ് ഇവിടെ കൂടുതലായുണ്ടാവുക. ദ്വീപിലൂടെ കാടുകളും തെങ്ങിന് തോപ്പുകളും പിന്നിട്ട് പോകുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് ദ്വീപിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ലൈറ്റ് ഹൗസാണ്. ഇവിടേക്ക് ട്രക്കിങ് നടത്തുന്നത് മനോഹരമായ അനുഭവമായിരിക്കും.
പോര്‍ട്ട് ബ്ലെയറില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരത്തിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. മായാബന്ദര്‍ പട്ടണത്തില്‍ നിന്നും ഇവിടേക്ക് 3.5 കിലോമീറ്ററാണ് ദൂരം. 0.2 ചതുരശ്രകിലോമീറ്ററാണ് ദ്വീപിന്റെ വിസ്തൃതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക