ലിയോയ്ക്ക് ശേഷം വിജയ് നായകനാവുന്ന വെങ്കട്ട് പ്രഭു ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില് രണ്ട് വ്യത്യസ്ത ലുക്കിലാണ് വിജയ് എത്തുന്നത്. കഴിഞ്ഞ ദിവസം ടൈറ്റിൽ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ ന്യൂ ഇയർ ദിനത്തിൽ സെക്കൻഡ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രത്തിൽ താരം ട്രിപ്പിൾ റോളിൽ എത്തുക എന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ട് ലുക്കിലും പ്രായത്തിലുമുള്ള വിജയിയെയാണ് പോസ്റ്ററിൽ കാണുന്നത്. സയൻസ് ഫിക്ഷൻ സ്വഭാവമുള്ളതായിരിക്കും സിനിമയെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ വെങ്കട് പ്രഭു വ്യക്തമാക്കിയിരുന്നു.
എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ഗോട്ട് നിർമ്മിക്കുന്നത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകൻ. വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്.
യുവൻ ശങ്കർ രാജയാണ് ഗോട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ ജയറാം പ്രധാന വേഷത്തിൽ എത്തുന്നു. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, പ്രശാന്ത്, പ്രഭുദേവ, മോഹൻ, യോഗി ബാബു, അജ്മൽ അമീർ, വിടിവി ഗണേശ്, പ്രേംജി അമരൻ, അരവിന്ദ് ആകാശ്, അജയ് രാജ്, വൈഭവ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിദ്ധാർഥി നുനിയാണ് ഛായഗ്രാഹകൻ, വെങ്കട് രാജനാണ് സിനിമയുടെ എഡിറ്റർ. ദിലിപി സുബ്ബരായനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക