തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി അവിടുന്ന് തൃശൂരിലേക്ക് പോകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ അതീവസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കും.
വന്‍ സുരക്ഷ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂര്‍ കോളജ് ഗ്രൗണ്ടില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. തുടര്‍ന്ന് നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്റര്‍ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും.
നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. ഇടവിട്ട് ബോംബ് സ്ക്വാഡിന്റെ പരിശോധനയുണ്ട്. നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പ്രധാനകടത്തിവിടുന്നത്.
മോദി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ചില മത നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമനമായില്ലെന്നാണ് വിവരം. ഏഴു ജില്ലകളില്‍ നിന്നുള്ള രണ്ടു ലക്ഷം വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക