ചെന്നൈ: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി റിപ്പോർട്ട്. നടന്റെ പാർട്ടി ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഈ വാർത്ത സംബന്ധിച്ച് ആരാധക കൂട്ടായ്മ യോഗത്തിൽ നിർണായക ചർച്ചകൾ നടത്തി. കഴിഞ്ഞ കുറച്ച് നാളുകളായി വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വാർത്തകൾ നിഷേധിച്ച് നടൻ വിജയ് രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തയ്യാറാവുന്നുവെന്ന വാർത്ത വീണ്ടും സജീവമാകുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ആരാധക കൂട്ടായ്മാ ഭാരവാഹികൾ ഫെബ്രുവരി ആദ്യം ഡൽഹിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.
ആരാധക കൂട്ടായ്മ യോഗം കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ ചേർന്നത്. മൂന്നുമണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ നടനും പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച് ചെന്നൈയിലെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നടൻ മത്സരിക്കണമെന്നാണ് യോഗത്തിൽ ഉയർന്നുവന്ന അഭിപ്രായം. എന്നാൽ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധിച്ചാൽ മതിയെന്ന നിലപാടിലാണ് വിജയിയെന്നാണ് പുറത്തുവരുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക