തിരുവനന്തപുരം: ഗവർണറുടെ റിപ്പബ്ലിക് ദിന സത്കാരത്തിന് പോകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. സർക്കാർ ഭാഗത്ത് നിന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ മാത്രമാണ് വിരുന്നിൽ പങ്കെടുത്തത്.
6.30 നാണ് രാജ്ഭവനിൽ അറ്റ് ഹോം സംഘടിപ്പിച്ചത്. ഇതുവരെയും വിരുന്നിൽ മന്ത്രിമാരും മുഖ്യമന്ത്രിയും എത്തിയിട്ടില്ല. ഉദ്യോഗസ്ഥർ മാത്രമാണ് പങ്കെടുക്കുന്നത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്.
പക്ഷേ സർക്കാർ നിലപാട് എന്തു തന്നെയായാലും അത് തന്നെ ബാധിക്കില്ലെന്ന സമീപനമായിരുന്നു വിരുന്നിൽ ഗവർണറുടേത്. വിരുന്നിനെത്തിയ എല്ലാവരോടും തന്നെ കുശലം പറഞ്ഞും അവരെ പരിചയപ്പെട്ടും ഗവർണർ വലിയ സന്തോഷം പ്രകടിപ്പിച്ചു.
പത്മ പുരസ്കാരത്തിനർഹനായ ഒ രാജഗോപാലിനെയടക്കം ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. വിരുന്നിലുണ്ടായിരുന്ന മേളം കലാകാരന്മാർക്കും കലാകാരികൾക്കുമൊപ്പം ചെണ്ടയും ചേങ്ങിലയുമൊക്കെ കൊട്ടി വിരുന്ന് ആഘോഷമാക്കുകയായിരുന്നു ഗവർണർ.
റിപ്പബ്ലിക് ദിന സന്ദേശത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക