ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി ബാക്കി വന്ന പുട്ട് ഉപയോഗിച്ച് കിടിലൻ ഒരു ഈവനിംഗ് സ്നാക്ക് തയ്യാറാക്കി നോക്കിയാലോ. ഇതിനായി പുട്ട് നല്ലതുപോലെ പൊടിച്ചെടുക്കണം. പിന്നീട് ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ഇതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം.
വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക്, അല്പം ഉഴുന്നുപരിപ്പ് എന്നിവ ഇട്ട് പൊട്ടിച്ചെടുക്കാം. പിന്നീട് ഒരു സവാള അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം. വഴന്നു വരുമ്പോൾ ഇതിലേക്ക് ഒരു വലിയ തക്കാളി അരിഞ്ഞത് ചേർത്തു കൊടുക്കണം.
തക്കാളി നല്ലതുപോലെ വഴന്നു വരുമ്പോൾ ഇതിലേക്ക് അല്പം മുളകുപൊടി, മഞ്ഞൾപ്പൊടി,പാകത്തിന് ഉപ്പ് എന്നിവ ചേർത്തു കൊടുക്കാം. നല്ലതുപോലെ റോസ്റ്റ് പരുവത്തിൽ വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് പൊടിച്ച് മാറ്റി വച്ചിരിക്കുന്ന പുട്ട് കൂടി ചേർത്തു കൊടുക്കണം.
നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അല്പം കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം. ആവശ്യമെങ്കിൽ അല്പം വെള്ളം തളിച്ചു കൊടുക്കാം. നല്ലതുപോലെ മസാല പുട്ടിൽ പിടിച്ചു വരുന്നതുവരെ ഒന്ന് അടച്ചുവെച്ച് ആവി കയറ്റി വേവിച്ചെടുക്കാം. പുട്ട് ഉപ്പുമാവ് തയ്യാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക