ഹോട്ട്സ്റ്റാറിലെ ആദ്യത്തെ മലയാളം വെബ് സീരിസായ കേരള ക്രൈം ഫയൽസ് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയതായിരുന്നു. ഇപ്പോഴിതാ വെബ് സീരിസിന്റെ രണ്ടാം സീസൺ വരുന്നു. ആദ്യ സീസണിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അജു വർഗീസാണ് രണ്ടാം സീസൺ വരുന്ന കാര്യവും പ്രഖ്യാപിച്ചത്.
അഹമ്മദ് കബീർ സംവിധായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസ്നിയും അണിയറപ്രവർത്തകരും ചേർന്ന് പുറത്തുവിട്ടു. മലയാളത്തിലെ ആദ്യത്തെ സീരീസ് സിനിമ എന്ന നിലയിൽ ഒരു ചരിത്രം തന്നെ രേഖപ്പെടുത്തിയ കേരള ക്രൈം ഫയസിന്റെ രണ്ടാം ഭാഗത്തെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.
ഒരു സ്റ്റേഡിയത്തിൽ നടക്കുന്ന കൊലപാതകത്തെ തുടർന്നുണ്ടാകുന്ന അന്വേഷ പരമ്പരയാണോ ചിത്രം പറയുന്നത് എന്ന് തോന്നിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ തലയിൽ സ്റ്റേഡിയം ഇരിക്കുന്നതായി കാണിക്കുന്നതാണ് ഇപ്പോൾ ഇറങ്ങിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ.
മങ്കി ബിസിനസ് സിനിമാസിന്റെ ബാനറിലാണ് സീരീസ് ഒരുങ്ങുന്നത്. ജിതിന് സ്റ്റെന്സിലാവോസാണ് ഛായാഗ്രഹണം. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ബാഹുല്‍ രമേശാണ്. ഹെഷാം അബ്ദുള്‍ വഹാബ് സംഗീതസംവിധാനം നിര്‍വഹിക്കുന്നു.
ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകവും അതിനെ ചുറ്റിപറ്റിയുള്ള അന്വേഷണവുമായിരുന്നു ആദ്യ സീസണിൽ ഉണ്ടായിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുൾപ്പെടെയുള്ള ഭാഷകളിൽ സീരിസ് റിലീസ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക