പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു കാന്‍വാസില്‍ കഥ പറയുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ വെബ്സൈറ്റ് ലോഞ്ചിംഗ് ചിത്രത്തിന്റെ സംഗീത സംവിധായകന് കൂടിയായ എ ആര് റഹ്മാന് ഇന്ന് നിര്‍വ്വഹിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിത’മെന്ന് എ.ആര്. റഹ്മാന് ചടങ്ങിൽ പറഞ്ഞു. ചിത്രത്തിന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വച്ചു നടന്ന ചടങ്ങിൽ ആടുജീവിതത്തിന്റെ സംവിധായകന് ബ്ലെസി, രചയിതാവ് ബെന്യാമിന്, അസോസിയേറ്റ് പ്രൊഡ്യൂസര്‍ കെ.സി ഈപ്പന് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 28-ന് ചിത്രം റിലീസ് ചെയ്യും.
ആടുജീവിതത്തിന്റെ വെബ്സൈറ്റ് ലോഞ്ച് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും, ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും എ ആര് റഹ്മാന് വേദിയില്‍ പറഞ്ഞു.
“യോദ്ധയ്ക്കുശേഷമുള്ള എന്റെ മലയാളസിനിമയാണ് ഇത്. ഇതിനിടെ ഫഹദ് ഫാസിലിന്റെ ഒരു കൊച്ചു ചിത്രവും ഞാന്‍ ചെയ്തു. പക്ഷേ ആടുജീവിതം ഒരു തരത്തില്‍ ഒരു സംഗീതസംവിധായകന്റെ സിനിമയാണ്. വിവിധ വികാരങ്ങള്‍ സംഗീതത്തിലൂടെ ചിത്രത്തില്‍ കാണിക്കേണ്ടതായുണ്ട്. ശ്രീ ബ്ലെസ്സി, ശ്രീ ബെന്യാമിന്, പൃഥ്വിരാജ്, കൂടാതെ ചിത്രത്തിന്റെ മുഴുവന്‍ ക്രൂവിന്റെയും കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അവരെല്ലാവരും ഈ ചിത്രത്തിനുവേണ്ടി അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ ആത്മാര്‍പ്പണം കാണുമ്പോള്‍ സിനിമയിലുള്ള എന്റെ വിശ്വാസം ഇരട്ടിക്കുന്നു. ശ്രീ ബ്ലെസ്സി മലയാളത്തില്‍ മറ്റൊരു ‘ലോറന്‍സ് ഓഫ് അറേബ്യ’ ആണ് ഒരുക്കിയിരിക്കുന്നത്. എല്ലാവരും ഈ ചിത്രം കണ്ട് ഞങ്ങളെ പിന്തുണയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു”, എ ആർ റഹ്മാൻ പറഞ്ഞു.
ചിത്രത്തിന് പിന്നിലെ പ്രവർത്തനങ്ങളും അണിയറപ്രവർത്തകരും മറ്റും ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ചും മറ്റും കൂടുതലായി ലോകം അറിയണം എന്നതിനാലാണ് ഇത്തരമൊരു വെബ്സൈറ്റ് എന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു.”ഇത്തരത്തിലൊരു വെബ്സൈറ്റ് മലയാള സിനിമയില്‍ വളരെ അപൂര്‍വമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നു. എന്തുകൊണ്ട് ഒരു വെബ്സൈറ്റ് എന്ന് പലരും ചോദിക്കുമ്പോഴും, ഇതിന്റെ പിന്നിലെ പ്രവര്‍ത്തനങ്ങള്‍, അണിയറപ്രവര്‍ത്തകരും മറ്റും ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ചും മറ്റും കൂടുതലായി ലോകം അറിയണം എന്നതിനാലാണ് അത്. വെബ്സൈറ്റിന്റെ ഒരു പ്രത്യേകത എന്തെന്നാല്‍ ഈ വെബ്സൈറ്റില്‍ നിങ്ങള്‍ പ്രഭാതത്തില്‍ കാണുന്ന മസറയും മരുഭൂമിയും മറ്റും ആയിരിക്കില്ല നിങ്ങളത് ഉച്ചയ്ക്ക് കാണുമ്പോള്‍. വൈകുന്നേരം സായാഹ്നത്തിന്റെ വെളിച്ചത്തിലും, രാത്രിയില്‍ ഇരുട്ടിന്റെ അകമ്പടിയോടെയും ആയിരിക്കും ഇവ നിങ്ങള്‍ക്ക് കാണാന്‍ കഴിയുക. ഇത്തരമൊരു വെബ്സൈറ്റ് അപൂര്‍വമാണ് എന്നാണു ഞാന്‍ കരുതുന്നത്, അത് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാന്‍ റഹ്മാന് സര് ഇവിടെ എത്തി എന്നത് വളരെ വലിയ കാര്യമാണ്. ഒപ്പം തന്നെ മാര്‍ച്ച് 10-ന് നടത്തുന്ന ആടുജീവിതത്തിന്റെ മ്യൂസിക് ലോഞ്ചിലേക്കും ഞാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു”, ബ്ലെസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക