എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതു പരീക്ഷ എഴുതുന്ന കുട്ടികളെ മാനസിക സമ്മർദ്ദത്തിൽ നിന്നും മുക്തരാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി ഹെൽപ് ടോൾഫ്രീ സഹായ കേന്ദ്രം സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു.
പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ അനുഭവിക്കുന്ന വിവിധതരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുക, വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം വി ഹെൽപ്പ് എന്ന പേരിൽ ടോൾഫ്രീ ടെലഫോൺ സഹായ കേന്ദ്രം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.
നിംഹാൻസ് ബംഗളൂരുവിൽ നിന്നും പരിശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാർ നേതൃത്വം നൽകുന്ന കൗൺസിലിങ്ങിനായി രാവിലെ 7 മണി മുതൽ വൈകുന്നേരം ഏഴുമണിവരെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഫോണിൽ ബന്ധപ്പെടാവുന്നതാണ്. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യ സൗജന്യമായി ലഭിക്കുന്ന കൗൺസിലിങ്ങിനായി ടോൾഫ്രീ നമ്പർ ആയ 1800-425-2844 ൽ ബന്ധപ്പെടാവുന്നതാണ്.
എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭ്യമാകുന്ന സേവനം പരീക്ഷകൾ അവസാനിക്കുന്നതുവരെ ഉണ്ടായിരിക്കും. സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്.
ഈ സേവനം സ്കൂൾതലത്തിൽ പൊതു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന വിധത്തിലാണ് ഒരുക്കിയിട്ടുള്ളത്. ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വി ഹെൽപ് സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക