ബോക്സ് ഓഫീസ് സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം അനിമലിനെതിരെ നടി ഖുശ്ബു സുന്ദർ. താൻ ഇതുവരെ അനിമൽ സിനിമ കണ്ടിട്ടില്ലെന്നും സ്ത്രീവിരുദ്ധമായ ഉള്ളടക്കത്തെ സമൂഹം ഇപ്പോഴും സ്വീകരിക്കുന്നതിൽ പേടിയുണ്ടെന്നും നടി പറഞ്ഞു. തന്റെ മക്കൾ ചിത്രം കണ്ട ശേഷം എന്നോട് അനിമൽ കാണണ്ട എന്ന് പറഞ്ഞുവെന്നും നടി കൂട്ടിച്ചേർത്തു. ഒരു കോൺക്ലേവ് പ്രോഗ്രാമിലായിരുന്നു ഖുശ്ബു ഇക്കാര്യം വെളിപ്പെടുത്തിയത്.
‘സ്ത്രീകൾക്ക് വേണ്ട ലിംഗസമത്വവും ബഹുമാനത്തെയും കുറിച്ച് സംസാരിക്കുമ്പോൾ അനിമൽ പോലൊരു സിനിമയ്ക്ക് ആളുകളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യത അത്ഭുതപ്പെടുത്തുന്നു. ഭൂരിഭാഗം ചെറുപ്പക്കാരും വിദ്യാഭ്യാസമുള്ള പുരുഷന്മാരുമാണ് ഈ ചിത്രത്തെ ഇത്രയും മഹത്വവത്കരിക്കുന്നത്. ഇപ്പോഴത്തെ കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത്. എന്റെ മക്കളെ ഞാൻ അനിമൽ കാണാൻ അനുവദിച്ചിരുന്നില്ല, പക്ഷേ അവർക്ക് ഇതിൽ എന്താണ് ഇത്രയും ചർച്ച ചെയ്യാൻ മാത്രമുള്ളത് എന്നറിയാൻ പോയി കണ്ടു. സിനിമ കണ്ട ശേഷം അവർ എന്റെ അടുത്ത വന്ന് പറഞ്ഞു അമ്മ ദയവ് ചെയ്ത് ആ സിനിമ കാണരുതെന്ന്.’ ഖുശ്ബു വ്യക്തമാക്കി. ലിംഗസമത്വവും സ്ത്രീകളോടുള്ള ബഹുമാനവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കവെയാണ് ഖുശ്ബു അനിമൽ സിനിമയെക്കുറിച്ച് സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക