അസമിൽ മുതിർന്ന കോൺഗ്രസ് നേതാവ് റാണ ഗോസ്വാമി രാജിവച്ചു. കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് ആണ് ഗോസ്വാമി. നേരത്തെ റാണ ഗോസ്വാമി ബിജെപിയിൽ ചേർന്നേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനാണ് റാണാ ഗോസ്വാമി തന്റെ രാജിക്കത്ത് സമർപ്പിച്ചത്. കോൺഗ്രസിന്റെ ചുമതല അപ്പർ അസമിൽ വഹിച്ചിരുന്ന നേതാവ് കൂടിയായിരുന്നു റാണ ഗോസ്വാമി. വിവിധ രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിച്ച് നേരത്തെ സംഘടനാ ചുമതലകളിൽ നിന്നും റാണാ ഗോസ്വാമി രാജി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രാഥമിക അംഗത്വവും അദ്ദേഹം ഉപേക്ഷിക്കുന്നത്.
റാണാ ഗോസ്വാമിയുടെ രാജി സ്വീകരിച്ചതിന് പിന്നാലെ കെസി വേണുഗോപാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായും അസം മുഖ്യമന്ത്രി ഹേമന്ത് ബിശ്വ ശർമയുമായും റാണാ ഗോസ്വാമി കൂടിക്കാഴ്ച നടത്തിയേക്കും എന്ന തരത്തിലുള്ള വാർത്തകളും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക