മഹാ ശിവരാത്രി ഘോഷ യാത്രയ്ക്കിടെ കുട്ടികൾക്ക് വൈദ്യുതാഘാതം ഏറ്റു. രാജസ്ഥാനിലാണ് സംഭവം. മഹാ ശിവരാത്രി ഘോഷയാത്ര നടക്കുന്നതിനിടയിൽ 14 കുട്ടികൾക്കാണ് വൈദ്യുതാഘാതം ഏറ്റിരിക്കുന്നത്. വൈദ്യുതാഘാതം ഏറ്റ കുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹീരാ ലാൽ നഗർ അറിയിച്ചു.
പരിക്കേറ്റ 14 കുട്ടികളും എം ബി എസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിക്കുകയാണ്. ഗുരുതരാവസ്ഥയിൽ തുടരുന്ന രണ്ട് കുട്ടികളുടെയും ശരീരത്തിൽ നൂറുശതമാനവും പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.
ആരോഗ്യവകുപ്പ് വൈദ്യുതാഘാതം ഏറ്റ കുട്ടികളുടെ ചികിത്സയ്ക്കായി സ്പെഷ്യൽ ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രി ഹീരാലാൽ നഗർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 12 30 യാണ് സംഭവം ഉണ്ടായത്. ഘോഷ യാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിച്ചതിനെ തുടർന്ന് ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ മറ്റ് കുട്ടികൾക്കും ഷോക്കേൽക്കുകയായിരുന്നു എന്നാണ് വിവരം. ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾ അപകട സ്ഥലത്ത് താഴ്ന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത് എന്നതിനാൽ വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും ആരോപണം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക