ജപ്പാനിലെ ജനപ്രിയ കോമിക് സീരീസ് ഡ്രാഗൺ ബോളിന്റെ സൃഷ്ടാവ് അകിര തൊറിയാമ്മ അന്തരിച്ചു. 68 വയസ്സായിരുന്നു. സബ് ഡ്യൂറൽ ഹെമറ്റോ ബാധിച്ച് ചികിത്സയിലായിരുന്ന അകിര മാർച്ച് ഒന്നിന് അന്തരിച്ചതായി ഡ്രാഗൺ ബോൾ വെബ്സൈറ്റ് വഴി അറിയിക്കുകയായിരുന്നു. കുടുംബവും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് അകിരയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതെന്നും ഡ്രാഗൺ ബോൾ അറിയിച്ചു.
അതുവരെയുണ്ടായിരുന്ന ആസ്വാദന തലങ്ങളെയെല്ലാം മാറ്റി ചിന്തിപ്പിച്ചുകൊണ്ട് 1984 ലാണ് ഡ്രാഗൺ ബോൾ കോമിക്സ് അകിര തൊറിയോമ അവതരിപ്പിക്കുന്നത്. സൺ ഗോകു എന്ന ഒരു ആൺകുട്ടി മാന്ത്രിക ശക്തി ഉപയോഗിച്ച് ഭൂമിയെ രക്ഷിക്കാൻ നടത്തുന്ന പോരാട്ടമായിരുന്നു സീരീസിന്റെ പ്രമേയം.
വരും കാലത്തും അകിരയുടെ അനന്യമായ സൃഷ്ടികൾ എല്ലാവർക്കും പ്രിയങ്കരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡ്രാഗൺ ബോൾ പറഞ്ഞു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അറിയിച്ചത്. ജപ്പാനിലെ നാഗോയയിൽ 1955 ജനിച്ച അകിര 1980 കളുടെ തുടക്കത്തിലാണ് കോമിക് ലോകത്തേക്ക് എത്തിപ്പെട്ടത്.
റോബോട്ട് പെൺകുട്ടി അരലെയുടെയും അവളുടെ ശാസ്ത്രജ്ഞന്റെയും കഥ പറഞ്ഞ ‘ഡോ സ്ലംപ്’ ആയിരുന്നു അഖിലയുടെ ആദ്യ സൃഷ്ടി. പക്ഷേ ഡ്രാഗൺ ബോൾ എന്ന കോമിക്സ് സീരീസ് ആണ് പ്രശസ്തിയുടെ കൊടുമുടിയിലെത്താൻ അദ്ദേഹത്തെ സഹായിച്ചത്.
2013 ൽ പുറത്തിറങ്ങിയ ഒരു അഭിമുഖത്തിൽ ‘ഡ്രാഗൺ ബോൾ’ എങ്ങനെയാണ് ഇത്ര പ്രചാരം നേടിയതെന്ന് തനിക്കു പോലും അറിയില്ല എന്ന് അകിര പറഞ്ഞിരുന്നു. ജപ്പാനിലെ ആൺകുട്ടികളെ സന്തോഷിപ്പിക്കണം എന്ന് മാത്രമാണ് താൻ ഡ്രാഗൺ ബോൾ സൃഷ്ടിക്കുമ്പോൾ ആഗ്രഹിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക