സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രമായിരുന്നു ‘ഒഡെല റെയിൽവേ സ്റ്റേഷൻ’. 2022-ൽ ഒടിടിയിൽ എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ, ‘ഒഡെല 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ഒഡെല 2-വിൽ നായികയായി തെന്നിന്ത്യൻ നടി തമന്നയാണ് എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ശിവ ഭക്തയായി നിൽക്കുന്ന തമന്നയെയാണ് കാണാൻ കഴിയുന്നത്. ഒരു കയ്യിൽ ഒരു മാന്ത്രിക വടിയും മറു കയ്യിൽ ധമരുവും പിടിച്ചുകൊണ്ടാണ് തമന്ന നിൽക്കുന്നത്.
ഫസ്റ്റ് ലുക്ക് പോസ്റ്റർ തമന്നയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് പുറത്ത് വിട്ടത്. മഹാശിവരാത്രി ദിവസമായ ഇന്ന് ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവക്കാൻ സാധിച്ചതിൽ സന്തോഷവതിയാണ് എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് തമന്ന കുറിച്ചത്.
മധു ക്രിയേഷൻസിന്റെയും സമ്പത് നന്ദി ടീം വർക്സിന്റെ ബാനറിൽ ഡി മധു, സമ്പത് നന്ദി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദുഷ്ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക