ഗര്‍ഭാകലത്ത് ആരോഗ്യകാര്യങ്ങലിലെല്ലാം പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇത്തരത്തില്‍ ഗര്‍ഭിണികള്‍ ഏറെ ശ്രദ്ധിക്കേണ്ടൊരു വിഷയം ഡയറ്റ് അഥവാ ഭക്ഷണം ആണ്. പല ഭക്ഷണങ്ങളും ഗര്‍ഭിണികള്‍ ഡയറ്റിൽ ചേർക്കണം. പലതും വേണ്ടെന്ന് വെക്കുകയും വേണം. ഇങ്ങനെ ഗര്‍ഭിണികൾ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ടൊരു ഭക്ഷണമാണ് നേന്ത്രപ്പഴം.
എന്തുകൊണ്ടാണ് ഗര്‍ഭിണികളുടെ ഡയറ്റില്‍ നേന്ത്രപ്പഴം ഉള്‍പ്പെടുത്തണമെന്ന് പറയുന്നത്?
നേന്ത്രപ്പഴത്തിലുള്ള ‘ഫോളിക് ആസിഡ്’, അയേണ്‍ എന്നിവ അടക്കമുള്ള പല പോഷകങ്ങളും ഗര്‍ഭിണികളില്‍ ഉന്മേഷം നിലനിര്‍ത്താനും കുട്ടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമെല്ലാം സഹായകമാകുന്നു.
ഗര്‍ഭിണികളില്‍ വ്യാപകമായി കണ്ടുവരുന്ന പ്രശ്നമാണ് ‘മോണിംഗ് സിക്നെസ്’ അഥവാ രാവിലെ ഉറക്കമെഴുന്നേറ്റയുടനെ അല്പസമയത്തേക്ക് നീളുന്ന ചില ശാരീരിക- മാനസികാരോഗ്യ അസ്വസ്ഥതകൾ. ക്ഷീണം, തലവേദന, ഓക്കാനം, അസ്വസ്ഥത എല്ലാം ഉണ്ടാകാം. ഇതിനെ ചെറുത്ത് നിർത്തുന്നതിന് നേന്ത്രപ്പഴം വളരെയധികം സഹായിക്കും. നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ബി വൈറ്റമിനുകള്‍ ഓക്കാനം വരുന്നതിനെ കാര്യമായി തന്നെ തടയുമത്രേ. ഗര്‍ഭിണികളിലെ നെഞ്ചെരിച്ചിലിന് ആശ്വാസം പകരാനും നേന്ത്രപ്പഴത്തിന് കഴിയും.
ഗര്‍ഭിണികളില്‍ ബിപിയില്‍ കാര്യമായ വ്യതിയാനങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനും നേന്ത്രപ്പഴം സഹായിക്കും. നേന്ത്രപ്പഴത്തിലുള്ള പൊട്ടാസ്യം ആണ് ഇതിന് സഹായകമാകുന്നത്. ഗര്‍ഭിണികളിലെ ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനും നേന്ത്രപ്പഴം സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക