കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന ഭാരത് അരി രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ വഴി വിതരണം ചെയ്യാൻ അനുമതിയായി. ഭാരത് അരി, ഭാരത് ആട്ട എന്നിവ റെയിൽവേ സ്റ്റേഷൻ വളപ്പുകളിൽ മൊബൈൽ വാനുകൾ പാർക്ക് ചെയ്ത് വിതരണം ചെയ്യുന്നതിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
റെയിൽവേ പാസഞ്ചർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് ഭാരത് അരി, ഭാരത് ആട്ട എന്നിവ റെയിൽവേ സ്റ്റേഷനുകൾ വഴി വിതരണം ചെയ്യുന്നതിന് അനുമതി നൽകിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ അടുത്ത മൂന്ന് മാസക്കാലയളവിൽ പദ്ധതി നടപ്പിലാക്കും.
എല്ലാ ദിവസവും വൈകുന്നേരം രണ്ടു മണിക്കൂർ നേരത്തേക്ക് വിൽപ്പന നടത്താനാണ് തീരുമാനം. റെയിൽവേയുടെ അതാത് ഡിവിഷണൽ ജനറൽ മാനേജർമാർക്കാണ് അരി വിതരണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. അരി വിതരണത്തിനുള്ള മൊബൈൽ വാനുകൾ പാർക്ക് ചെയ്യുന്ന സ്ഥലം ഉൾപ്പെടെയുള്ള കാര്യങ്ങളിലും തീരുമാനമെടുക്കാൻ അതാത് ഡിവിഷണൽ ജനറൽ മാനേജർ മാർക്ക് ആണ് ചുമതല നൽകിയിരിക്കുന്നത്.
പ്രത്യേകം ലൈസൻസോ ചാർജോ ഈടാക്കാതെയാണ് റെയിൽവേ അരി വിതരണത്തിന് അനുമതി നൽകിയിരിക്കുന്നത്.അരി വിതരണം സംബന്ധിച്ച് യാതൊരു വിധ അറിയിപ്പുകളോ വീഡിയോ പ്രദർശനമോ പാടില്ലെന്നും റെയിൽവേ പുറത്തിറക്കിയ നിബന്ധനയിൽ പറയുന്നുണ്ട്. അരി വിതരണത്തിന് കൃത്യമായ ഒരു സ്ഥലം ഇല്ലെന്ന പരാതി ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക