ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 25 വരെ അവസരം ലഭിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ പത്ത് ദിവസം മുൻപ് വരെ അവസരം ഉണ്ടായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടൽ വഴിയോ വോട്ടർ ഹെല്പ് ലൈൻ ആപ്പ് വഴിയോ ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ രാജ്യത്തെ 18 വയസ്സ് തികഞ്ഞ ഏതൊരു പൗരനും വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.
voters.eci.gov.in/signup എന്ന ലിങ്കിൽ പ്രവേശിച്ച ശേഷം മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിൻ ചെയ്ത ശേഷം വേണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടൽ വഴി അപേക്ഷിക്കുന്നവർ തുടർനടപടികൾ ചെയ്യാൻ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആവശ്യമായ അപേക്ഷയുടെ എൻട്രികൾ ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷകർക്ക് പൂരിപ്പിക്കാവുന്ന വിധത്തിലാണ് ഉള്ളത്.
പുതിയതായി വോട്ട് ചേർക്കുന്നവർക്ക് ‘ന്യൂ രജിസ്ട്രേഷൻ ഫോർ ജനറൽ ഇലക്റ്റേഴ്സ്’ എന്ന ഓപ്ഷൻ തുറന്ന് സംസ്ഥാനം, ജില്ല, പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങൾ, എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങൾ, ഇമെയിൽ ഐഡി, ജനനതിയതി, വിലാസം തുടങ്ങിയ വിവരങ്ങൾ നൽകിയതിനു ശേഷം പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്. അധികൃതർ പരിശോധന പൂർത്തിയാക്കിയ ശേഷം പട്ടികയിൽ പേര് ഉൾപ്പെടുത്തും. അപേക്ഷയിൽ ഉൾപ്പെടുത്തിയ വിലാസത്തിൽ തപാൽ വഴി വോട്ടർക്ക് തിരിച്ചറിയൽ കാർഡ് അയച്ചു നൽകുകയും ചെയ്യും.
വോട്ടർ ഹെല്പ് ലൈൻ ആപ്പിലൂടെയും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് കൂടാതെ പേര് തിരയുന്നതിനും വോട്ടർ പരിഷ്കരണത്തിനും ഫോമുകൾ സമർപ്പിക്കുന്നതിനും ഡിജിറ്റൽ ഫോട്ടോ, വോട്ടർ സ്ലിപ്പുകൾ എന്നിവ ഡൗൺലോഡ് ചെയ്യുന്നതിനും പരാതികൾ നൽകാനും ഈ ആപ്പിലൂടെ സാധിക്കും. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരെ സമീപിച്ച് രേഖകൾ സഹിതം നേരിട്ട് അപേക്ഷ നൽകിയാലും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിക്കും. അതാത് മണ്ഡലങ്ങളിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ വിവരങ്ങൾ ലഭിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ voters.eci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക