ന്യൂഡൽഹി: കേരളത്തിൽ നല്ല മഴക്കാലം വരുന്നതായി ആഗോള കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. കഴിഞ്ഞ മഴക്കാലത്തെ കേരളത്തിൽ ദുർബലമാക്കിയ എൽ നിനോ പ്രതിഭാസം അടുത്തമാസം മുതൽ മാറാൻ തുടങ്ങുമെന്നും തുടർന്ന് ലാ നിന ഘട്ടം എത്തുമെന്നുമെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം.
ആഗോള കാലാവസ്ഥയെ ബാധിക്കുന്ന എൽ നിനോ ദുർബലമാകാൻ തുടങ്ങിയെന്നും ഓഗസ്റ്റിൽ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ആഗോള കാലാവസ്ഥാ ഏജൻസികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ലാ നിന എത്തിയാൽ ജൂൺ–ഓഗസ്റ്റ് മാസങ്ങളിൽ നല്ല മൺസൂൺ മഴ ലഭിക്കും. ഓസ്ട്രേലിയയിലെ ബ്യൂറോ ഓഫ് മീറ്റിരിയോളജി, യുഎസിലെ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്റർ എന്നീ സ്ഥാപനങ്ങളാണു പ്രവചനം നടത്തിയത്.
പസിഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ഉപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ, ലാ നിന ഇതിനു വിപരീതവും.സാധാരണഗതിയിൽ എൽ നിനോ ഇന്ത്യയിൽ മഴ കുറയ്ക്കുകയും ലാ നിന കൂട്ടുകയും ചെയ്യും.
ലാ നിന വരുന്നതിന് 62% സാധ്യതയാണ് അവർ പ്രവചിക്കുന്നത്. ഡിസംബർ വരെ ഈ പ്രതിഭാസത്തിന്റെ സ്വാധീനം തുടർന്നേക്കുമെന്നും കാലാവസ്ഥാ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു.
2023 ലെ മൺസൂൺ സീസണിൽ 820 മില്ലീമീറ്റർ മഴയാണ് ഇന്ത്യയിൽ ലഭിച്ചത്. എൽ നിനോ 2024 ന്റെ ആദ്യ പകുതിവരെ തുടരുകയാണെങ്കിൽ 2024 ചൂടേറിയ വർഷമാകുമെന്നും നേരത്തെ പ്രവചനമുണ്ടായിരുന്നു. എന്നാൽ, ലാനിന രൂപപ്പെട്ടാൽ താപനില കുറയും. അതേ സമയം, ഉയർന്ന താപനില തുടരുകയാണെങ്കിൽ, തീവ്രമായ ചുഴലിക്കാറ്റും അതിശക്തമായ മഴക്കും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക