തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ഇതുവരെയും വോട്ടര്‍ പട്ടികയില്‍ നിങ്ങൾ പേര് ചേര്‍ത്തിട്ടില്ലെ? എങ്കില്‍ ഇനിയും വൈകരുത്, ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയ പരിധി ഇന്ന് കഴിയുകയാണ്.
18 വയസ്സ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാര്‍ക്കാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് ഉപയോഗപ്പെടുത്തിയോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നതിനായി voters.eci.gov.in എന്ന സൈറ്റിൽ കയറി അക്കൗണ്ട് നിർമ്മിക്കണം. ഈ അക്കൗണ്ടിൽ ലോഗിന്‍ ചെയ്ത് വേണം അപേക്ഷ നല്കാൻ. അപേക്ഷ സമർപ്പിക്കാനായി ന്യൂ രജിസ്ട്രേഷന് ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഓപ്ഷന് ഓപ്പൺ ചെയ്യുക. ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ പൂരിപ്പിക്കാന്‍ സാധിക്കും. സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങള്‍, വ്യക്തിഗത വിവരങ്ങള്‍, ജനനത്തീയതി, വിലാസം, ഇ മെയില്‍ ഐ ഡി തുടങ്ങിയ വിവരങ്ങള്‍ സമർപ്പിച്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. ആധാര്‍ കാര്‍ഡ് കൈവശം ഇല്ലെങ്കില്‍ മറ്റ് തിരിച്ചറിയൽ രേഖകള്‍ അപ്ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിച്ചു കഴിഞ്ഞ് അധികൃതർ പരിശോധന നടത്തിയ ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുൻപു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. കേരളത്തിൽ ഏപ്രിൽ 4ന് ആണ് നാമനിർദ്ദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക