വീഡിയോകള്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനുമുള്ള ഫീച്ചര്‍ വാട്സ്ആപ്പിൽ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കാന്‍ തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആപ്പിനുള്ളില്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും അയയ്ക്കാനും വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. വീഡിയോയുടെ അരികില്‍ ഡബിള്‍ ടാപ്പ് ചെയ്ത് വീഡിയോകള്‍ വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും.
ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് വീഡിയോയുടെ പ്രസക്തമായ ഭാഗങ്ങള്‍ വിഡിയോ മുഴുവനായി കാണാതെ തന്നെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. യുട്യൂബില്‍ വീഡിയോ പ്ലേ ചെയ്യുന്നതു പോലെ തന്നെ വാട്സആപ്പിലും കാണാം.
അതേസമയം, യുപിഐ ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് ഉടൻ പുറത്തിറക്കും. ആപ്പില്‍ നിന്ന് കൊണ്ട് തന്നെ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്.
ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഫീച്ചര്‍ വൈകാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക