മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന ചിത്രം ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. മെയ് 15 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ചിത്രത്തിൽ നായകനും വില്ലനുമായിട്ടാണ് മമ്മൂട്ടിയും പൃഥ്വിരാജും എത്തുന്നതെന്ന് റിപ്പോർട്ടുകളുമുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ കെ ജോസാണ്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ കഥാകൃത്താണ് ജിതിൻ.
2010ൽ വൈശാഖ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം പോക്കിരിരാജയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് 2014ൽ പുറത്തിറങ്ങിയ മമ്മൂട്ടി സിനിമ മുന്നറിയിപ്പിൽ പൃഥ്വി കാമിയോ വേഷത്തിൽ വന്നിരുന്നെങ്കിലും ഇരുവർക്കും കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് സിനിമ ദി ഗ്രേറ്റ് ഫാദറിന്റെ സഹനിർമ്മാതാവുമായിരുന്നു പൃഥ്വിരാജ്.
അതേസമയം ടർബോയാണ് മമ്മൂട്ടിയുടേതായി ഈയടുത്ത് റിലീസ് ചെയ്യുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ രചന മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിൽ രാജ് ബി ഷെട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക